Friday, April 28, 2017

ഒരു ലിറ്റർ പെട്രോൾ കത്തിച്ചാൽ രണ്ടേകാൽ കിലോഗ്രാം കാർബൺ ഡയോക്സൈഡ്!
 

ഒരു ലിറ്റർ പെട്രോൾ ഉപയോഗിക്കുമ്പോൾ 2000 ലിറ്റർ ഓക്സിജൻ നാം അന്തരീക്ഷത്തിൽനിന്നും വലിച്ചെടുക്കുന്നു. എന്നിട്ട് രണ്ടേകാൽ കിലോ കാർബൺ ഡയോക്സൈഡ് പുറത്തേക്കു് വലിച്ചെറിയുന്നു.

ഇംഗാലാമ്ലവാതകവമനം അഥവാ കാർബൺ ഡയോക്സൈഡ് എമിഷൻ അഥവാ കരിവായുപുകയൽ, CO2 എമിഷൻ എന്നാൽ ശരിക്കും എന്താണു്?
കഴിഞ്ഞ കുറേ വർഷങ്ങളായി ഇതിനെക്കുറിച്ചു മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ മനസ്സിലാവുന്ന ദുഃഖസത്യം പലർക്കും ഇതേക്കുറിച്ചു് സുവ്യക്തമായ ധാരണയില്ല എന്നതാണു്.
അതിനാൽ, സാധാരണക്കാർക്കു വേണ്ടി ഒരു കുറിപ്പെഴുതുന്നു:

1. CO2എമിഷൻ എന്നാൽ കരിയും പുകയുമൊന്നുമല്ല.വാഹനങ്ങളുടെ പുകക്കുഴലിലൂടെ പുറത്തുവരുമ്പോൾ കാണുന്ന കറുത്തോ ഇരുണ്ടോ വെളുത്തോ കാണുന്ന പുകയല്ല കാർബൺ ഡയോക്സൈഡ്. പുറത്തു വരുന്നതു് പുകക്കുഴലിലൂടെത്തന്നെയെങ്കിലും, കാർബൺ ഡയോക്സൈഡ് അങ്ങനെ രാജകീയമായി വരുന്നതു് നമുക്കാർക്കും കാണാനൊക്കത്തില്ല. കാരണം, പുള്ളിയ്ക്കു നിറമോ മണമോ ഇല്ല. സാധാരണ വായുപോലെത്തന്നെ, കളർലെസ് ഓഡർലെസ്സ്.
2. പുത്തൻ സാങ്കേതികവിദ്യകൊണ്ട് ഓടുന്ന പുതുപുത്തൻ ബൈക്കോ കാറോ വാങ്ങിയാൽ CO2 എമിഷൻ അപ്പാടെ ഇല്ലാതാക്കാനാവില്ല. ശരിയായി പരിപാലിക്കുന്ന, പഴഞ്ചനല്ലാത്ത, പുകപരിശോധനയൊക്കെ പാസ്സായ വണ്ടിയായാലും പുകക്കുഴലിലൂടെ പുറത്തേക്കു വരുന്ന CO2 വന്നുകൊണ്ടേ ഇരിക്കും. ഫോസിൽ ഇന്ധനം ഉപയോഗിച്ച് എഞ്ചിൻ പ്രവർത്തിച്ചു് ഊർജ്ജം ഉണ്ടാവണോ? ഇംഗാലാമ്ലവാതകം ഉണ്ടായേ തീരൂ.
3. ബൈക്കിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നതും അടുക്കളയിൽ കഞ്ഞി വെക്കുന്നതും ആ കഞ്ഞി കുടിച്ച് നാം ലെഫ്റ്റ്റൈറ്റ് മസിലുവിരിച്ചു നടക്കുന്നതുമെല്ലാം ശരിക്കും ഒരേ പോലുള്ള രാസപ്രവർത്തനങ്ങളാണു്.
ഏതെങ്കിലും ഒരു ഫോസിൽ സംയുക്തത്തിനു് ആവശ്യത്തിനുള്ള ചൂടു ലഭിക്കുമ്പോൾ, കാർബണും ഹൈഡ്രജനും പലതായി തല്ലിപ്പിരിയുന്നു. എന്നിട്ട് അതിലെ കാർബൺ എന്ന സാധനം (കരി എന്ന മൂലകം) അന്തരീക്ഷത്തിലെ ഓക്സിജനുമായി യോജിക്കുന്നു. മുമ്പെന്നോ ആ സംയുക്തമുണ്ടായതുതന്നെ ചുറ്റുപാടുനിന്നും കുറേ ഊർജ്ജം വലിച്ചെടുത്തുകൊണ്ടാണു്. ഓക്സിജനുമായി യോജിക്കുമ്പോൾ, ആ ഊർജ്ജം ബാക്കി വരുന്നു. ബാക്കിവരുന്ന ആ ഊർജ്ജമാണു് പ്രവൃത്തിയായോ ചൂടായോ പുറത്തേക്കുവരുന്നതു്.
അടുക്കളയിൽ വിറകാണു് ഉപയോഗിക്കുന്നതെങ്കിൽ, ഇപ്പറഞ്ഞ സംയുക്തത്തിൽ നേരിയ വ്യത്യാസമുണ്ടു്. ഹൈഡ്രോകാർബണു പകരം (മുഖ്യമായും) കാർബോഹൈഡ്രേറ്റ് ആണു് വിറകും ചോറും എല്ലാം. അതായതു് ഹൈഡ്രജനും കാർബണും പുറമേ, കുറേ ഓക്സിജൻ കൂടി ആ ഇന്ധനത്തിലുണ്ടായിരുന്നു എന്നർത്ഥം. എന്നാലും വെറുതെ മൊത്തം ഭാരം കൂട്ടി ഇന്ധനക്ഷമത കുറക്കുന്നു എന്നല്ലാതെ, ആ ഓക്സിജനു് നമ്മുടെ ഊർജ്ജക്കണക്കിൽ തൽക്കാലം പ്രത്യേകിച്ചൊരു പങ്കുമില്ല.
ചുരുക്കത്തിൽ, ബൈക്കിലെ എഞ്ചിനിലും അടുക്കളയിലെ അടുപ്പിലും നമ്മുടെ ശരീരത്തിലെ കോശങ്ങളിലും ഒരേ പ്രവൃത്തിയാണു നടക്കുന്നതു്. 'കത്തൽ' അഥവാ ദഹനം.
ആദ്യത്തേതിനെ ആന്തരദഹനം എന്നു വിളിക്കും. സിലിണ്ടറിനുള്ളിൽ വെച്ച് പെട്രോൾ (അല്ലെങ്കിൽ ഡീസൽ, മണ്ണെണ്ണ, LPG) കത്തുന്നതാണു് ആന്തരദഹനം. അതിൽ നിന്നും ലഭിക്കുന്ന മൊത്തം ഊർജ്ജത്തിന്റെ ചെറിയൊരു ഭാഗം നമ്മുടെ വണ്ടിയോടിക്കാൻ ലഭിക്കും. വലിയൊരു ഭാഗം ചൂടിന്റെ രൂപത്തിൽ പുറത്തുപോവുകയും ചെയ്യും.
അടുക്കളയിൽ ഭക്ഷണം വേവിക്കുന്നതു് മറ്റൊരുതരം ഊർജ്ജവിമോചനത്തിനാണു്. അരിയോ പച്ചക്കറിയോ ഇറച്ചിയോ 'വേവിക്കുമ്പോൾ' സംഭവിക്കുന്നതു് ഉയർന്ന ഊഷ്മാവു സൃഷ്ടിച്ചു് ആ സാഹചര്യം പ്രയോജനപ്പെടുത്തി അവയുടെ തന്മാത്രകൾ തമ്മിലുള്ള ബോണ്ടുകളും മറ്റു ബന്ധനങ്ങളും ഉടച്ചുകളഞ്ഞു് മൃദുവാക്കുന്നു എന്നതാണു്. ഇവിടെയും ഇന്ധനത്തിലെ ഊർജ്ജത്തിന്റെ അതിസൂക്ഷ്മമായ ഒരു ഭാഗം എന്തെങ്കിലും പ്രവൃത്തിചെയ്യുന്നു എന്നു വേണമെങ്കിൽ പറയാം. വേവിക്കൽ പ്രക്രിയ കഴിഞ്ഞാൽ നാം വീണ്ടും ഊഷ്മാവു് സാധാരണനിലയിലേക്കു താഴ്ത്തുന്നു. എന്നുവെച്ചാൽ ആ താപമെല്ലാം അന്തരീക്ഷത്തിൽ തന്നെ ലയിക്കുന്നു. എന്നാൽ അതിനു മുമ്പുതന്നെ പാത്രങ്ങളുടേയും അടുപ്പിന്റേയും വശങ്ങളിലൂടെത്തന്നെ നല്ലൊരു ഭാഗം ചൂടു നഷ്ടപ്പെടുന്നുമുണ്ടു്.
അങ്ങനെ ഒരു വിധം വേവിച്ചു കണ്ടീഷനാക്കിയ ഭക്ഷണമാണു നാം കഴിക്കുന്നതു്. ആമാശയത്തിൽ വെച്ച് അതിലെ അന്നജം ഗ്ലൂക്കോസ് ആയി മാറുന്നു. വിറകുപോലെ, ഗ്ലൂക്കോസും കാർബോഹൈഡ്രേറ്റ് തന്നെയാണു്. രക്തത്തിലൂടെ ചെന്നുപറ്റുന്ന ഗ്ലൂക്കോസും ഓക്സിജനും കോശങ്ങൾക്കകത്തുവെച്ച് 'കത്തി' കാർബൺ ഡയോക്സൈഡും വെള്ളവുമായി മാറുന്നു. അതിൽനിന്നു ലഭിക്കുന്ന ഇത്തിരി ഊർജ്ജം നാം ഉപയോഗിക്കുന്നു. കുറേയുള്ള ബാക്കി, ചൂടായും തീരുന്നു.
4. ഇങ്ങനെ പുറത്തേക്കുവരുന്ന CO2 എത്രത്തോളമുണ്ടാവും? ഇത്തിരി? ലേശം? സ്വല്പം? നിസ്സാരം? അല്ല! കുറേയധികമുണ്ടാവും. ഏകദേശക്കണക്കിൽ പറഞ്ഞാൽ, ഏറ്റവും മികച്ച തോതിൽ പ്രവർത്തിക്കുന്ന ഒരു വാഹനത്തിൽ ഒരു ലിറ്റർ (720 ഗ്രാം) പെട്രോൾ കത്തുമ്പോൾ 2 കിലോ 310 ഗ്രാം കാർബൺ ഡയോക്സൈഡ് പുറത്തേക്കു വരും! അതും കൂടാതെ, 750 ഗ്രാം വെള്ളം (നീരാവിയുടെ രൂപത്തിൽ) വേറെയും. മൊത്തം 3 കിലോ)
"അതെങ്ങനെ? 720 ഗ്രാം പദാർത്ഥം മൂന്നു കിലോആയി മാറും" എന്നതു സ്വാഭാവികമായ ചോദ്യമാണു്. നാം കത്തിച്ചുകളഞ്ഞ ഒരു ലിറ്റർ പെട്രോളിനൊപ്പം വായുവിൽ നിന്നു് വലിച്ചെടുത്ത കഷ്ടി 2000 ലിറ്റർ ഓക്സിജൻ കൂടിയാണു് ഇങ്ങനെ കാർബൺ ഡയോക്സൈഡും നീരാവിയുമായി പുറത്തുവരുന്നതു്!

ഫേസ്ബുക്കിലെ ചർച്ചയുടെ ലിങ്ക് (https://www.facebook.com/viswaprabha/posts/10154619692593135)

No comments:

Post a Comment