Monday, June 6, 2016

പുല്ലു വേണ്ടാത്ത കറവപ്പശുക്കൾ ഇല്ല

ശാസ്ത്രീയസംഗീതമായാലും ഹാം റേഡിയോ ആയാലും ഫ്രീ സോഫ്റ്റ്‌വെയർ ആയാലും പരിസ്ഥിതിയായാലും ഇനി ഏതെങ്കിലും രാഷ്ട്രീയാദർശമായാലും ആദ്യം സദുദ്ദേശ്യത്തോടെ, അതിനോടുള്ള ആത്മാർത്ഥമായ താല്പര്യംകൊണ്ടു്, ലോകത്തെ സഹായിക്കാനുള്ള നമ്മുടെയെല്ലാം സഹജമായ വ്യഗ്രതകൊണ്ടു്, നാം അതിൽ ഇടപെടാൻ തുടങ്ങും. ആ ആശയത്തിനെക്കുറിച്ചു പഠിക്കാനും മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കാനും ശ്രമിക്കും. അതിനു് ഉപോൽബലകമായ വസ്തുതകൾ പറയുന്ന വിദഗ്ദ്ധരെ ശ്രദ്ധിക്കാനും പഠിക്കാനും അവരെ ഏറ്റുപിടിക്കാനും തുടങ്ങും.
കുറേക്കഴിയുമ്പോൾ, അത്തരം ആദർശങ്ങൾ ഒരു മതത്തിന്റെ സ്വഭാവം ആർജ്ജിക്കും. വിദഗ്ദ്ധർ മതാചാര്യന്മാരും പുരോഹിതന്മാരും സെലബ്രിറ്റികളും ആയിത്തീരും. അവർ പറഞ്ഞുകൊണ്ടിരുന്നതും ഇനി പറയാൻ പോകുന്നതും വേദസൂക്തങ്ങളാവും. അപ്പറയുന്നതിൽ എത്ര അഗാധതലത്തിലുള്ള, എത്ര അപ്‌ഡേറ്റഡ് ആയ സയൻസ് ഉണ്ടെന്നു പോലും നാം പിൻതിരിഞ്ഞുനോക്കിയെന്നു വരില്ല.

തങ്ങളുടെ സെലബ്രേഷനെത്തന്നെ സംരക്ഷിക്കാൻ നിർബന്ധിതരായ സെലബ്രിറ്റികൾക്കു് ആ ഒരു കാര്യത്തിനുവേണ്ടിത്തന്നെ, സ്വന്തം വേദസൂക്തങ്ങൾ മുറുകെപ്പിടിക്കേണ്ടിവരും. തങ്ങളുടെ നിലപാടുകളിൽ നിന്നു് തിരിച്ചുപോവാനാവാത്ത വിധത്തിൽ അവർ self-locked ആയി മാറും. അവരെ ഏറ്റെടുത്ത ശുദ്ധഗതിക്കാരായ പൊതുജനം അപ്പൊഴേക്കും നിഷ്കളങ്കമായ ഒരു മൃഗീയഭൂരിപക്ഷവും അവരുടെ ഒച്ച അംഗീകരിക്കപ്പെട്ട ശാസ്ത്രവുമായി മാറിക്കഴിഞ്ഞിരിക്കും.

 നന്നേ കുട്ടിക്കാലം മുതൽ, കഴിഞ്ഞ നാല്പതോളം വർഷമായി ഒരു ശാസ്ത്രാന്വേഷിയെന്ന നിലയിൽ യാതൊരു മുൻവിധികളും ഒരിക്കൽ‌പോലും കാത്തുസൂക്ഷിക്കാതെ, സൈലന്റ് വാലി മുതൽ അതിരപ്പള്ളി വരെയുള്ള നമ്മുടെ പരിസ്ഥിതിസങ്കൽപ്പങ്ങളും പരിസ്ഥിതിരാഷ്ട്രീയവും ഒട്ടൊക്കെ നിശ്ശബ്ദമായും തുടർച്ചയായും പഠിച്ചുകൊണ്ടിരുന്നിട്ടുണ്ടു് ഈയുള്ളവൻ. (പരിസ്ഥിതിരാഷ്ട്രീയം എന്നിവിടെ ഉദ്ദേശിക്കുന്നതു് കക്ഷിരാഷ്ട്രീയമല്ല, പരിസ്ഥിതിമാറ്റങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനേയും വികാസത്തേയും എങ്ങനെയാണു ബാധിക്കാൻ പോകുന്നതെന്ന ശരാശരി ജനങ്ങളുടെ കാഴ്ചപ്പാടുകളും നിലപാടുകളും പ്രതിപ്രവർത്തനങ്ങളും ഉൾപ്പെടുന്ന രാഷ്ട്രബോധം). ഇടുക്കി മുതൽ സൈലന്റ് വാലിയും ഇടമലയാറും പൂയംകുട്ടിയും വഴി അതിരപ്പിള്ളി വരെയുള്ള കേരളത്തിന്റെ ആധുനികജലവൈദ്യുതപദ്ധതീചരിത്രം ഇന്നത്തെ ഭൂമിശാസ്ത്രത്തിനു് ഇട്ടുകൊടുക്കുന്ന ശാസ്ത്രീയവിശദീകരണം ഒട്ടുപോലും തൃപ്തിപ്പെടുത്തുന്നതായി എനിക്കു തോന്നിയിട്ടില്ല.

സ്വന്തം ഭാഗം ന്യായീകരിക്കാനായി ഓരോരുത്തരും ഉയർത്തിക്കാട്ടുന്ന ഉദാഹരണങ്ങൾ പലപ്പോഴും വ്യാജമോ
വസ്തുതാവിരുദ്ധമോ ആവാറുണ്ടു്. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ വേനൽക്കാലത്തെ പടം കാണിച്ചും ഭാരതപ്പുഴ എന്ന ഭൂതകാലക്കുളിരിന്റെ മണൽച്ചിത കാണിച്ചും നമ്മുടെ പുഴകൾ മരിക്കുന്നതു് അണക്കെട്ടുകൾ മൂലമാണെന്നും മറ്റും എഴുതിയെഴുന്നെള്ളിക്കുമ്പോൾ നാം നമ്മെത്തന്നെ കബളിപ്പിക്കുകയാണു്.
കാടുകൾ നശിക്കുന്നതും ജൈവവൈവിദ്ധ്യം ഇല്ലാതാകുന്നതും ജലസമ്പത്തു് കുറഞ്ഞുവരുന്നതും പ്രാദേശികമായോ ആഗോളതലത്തിലോ ഉഷ്ണകാണ്ഡങ്ങളുണ്ടാവുന്നതും അണക്കെട്ടുകൾ കൊണ്ടല്ല. അഥവാ അണക്കെട്ടുകൾ കൊണ്ടു മാത്രമല്ല. അണക്കെട്ടുകൾ മൂലം നശിക്കുന്നതിനേക്കാൾ കാടു് വെറും അത്യാർത്തി മൂലം വെട്ടിപ്പിടിച്ചും ചെത്തിയൊതുക്കിയും തുരന്നുതിന്നും നാണ്യവിളകൾ വെച്ചും നാം നശിപ്പിച്ചു നാറാണക്കല്ലിളക്കുന്നുണ്ടു്. അതേപ്പറ്റി, വേണ്ടത്ര ഉറക്കെ പറയാനും ശക്തമായി പ്രക്ഷോഭണം നടത്താനും നമ്മുടെ പരിസ്ഥിതിവാദികൾക്കു് എന്തുകൊണ്ടോ ചോരതിളപ്പു പോര.

അണക്കെട്ടുകൾ മൂലം ജൈവവൈവിദ്ധ്യം നശിക്കുന്നുണ്ടോ? ഭാരതപ്പുഴയിലെ വേനൽപ്പരപ്പിൽ മുടിഞ്ഞുപോയ ജലജീവിസമ്പത്തിനും അതിന്റെ ഓരങ്ങളിൽനിന്നും മാഞ്ഞുപോയ കണ്ടൽപ്പച്ചപ്പുകൾക്കും സമാധാനം പറയേണ്ട അണക്കെട്ടു് ഏതാണു്?

നമ്മുടെ മലനാട്ടിലും ഇടനാട്ടിലും തീരങ്ങളിലും നിരന്തരമായി വെള്ളപ്പൊക്കങ്ങളും വരൾച്ചയും ഉണ്ടാവുന്നതു് അണക്കെട്ടുകൾ മൂലമാണോ?

ഉയരങ്ങളിലെ കൃത്രിമതടാകങ്ങളുടെ സാന്നിദ്ധ്യം വർഷപാതത്തെ കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നതു്?
ഇക്കഴിഞ്ഞ വേനൽക്കാലത്തേതുപോലുള്ള, അടിയ്ക്കടി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗങ്ങൾക്കു് ഏതു ഭൂമിശാസ്ത്രപ്രതിഭാസമാണു് അല്ലെങ്കിൽ ഏതു മനുഷ്യപ്രവൃത്തിയാണു് ഉത്തരവാദി?

പരിസ്ഥിതി എന്നതു് എല്ലാം കൂടി കൂട്ടിക്കലർത്തി കുഴമ്പുപരുവത്തിലാക്കിയ ഒരൊറ്റ വിഷയമല്ല. ജൈവവൈവിദ്ധ്യം, സസ്യസമ്പത്തു്, ജലസമ്പത്തു്, വനഭൂമികളിലെ സഹജീവനം, പ്രാദേശികകാലാവസ്ഥ, ആഗോളകാലാവസ്ഥ ഇവയെല്ലാം അതിന്റെ തനതു് ഉപഭാഗങ്ങളാണു്. ഇവയെല്ലാത്തിനേയും ഒരേ തോതിൽ ദോഷകരമായിട്ടോ, ദോഷകരമായിട്ടുതന്നെയോ അല്ല അണക്കെട്ടുകൾ (അവയുടെ റിസർവ്വോയറുകളും അനുബന്ധനിർമ്മാണമേഖലകളും ഉൾപ്പെടെ) ബാധിക്കുന്നതു്. അങ്ങനെയാണെന്നു നമ്മെ ധരിപ്പിക്കുന്നവർ ഒന്നുകിൽ വേണ്ടത്ര ശാസ്ത്രം പഠിച്ചിട്ടില്ല. അല്ലെങ്കിൽ, വേണ്ടത്ര ശാസ്ത്രം സാധാരണക്കാരോടു് തുറന്നു പറയുന്നില്ല. ഇതിൽ ഓരോ ഘടകങ്ങളേയും വെവ്വേറെത്തന്നെ, അടിസ്ഥാനതലത്തിൽ നിന്നുതന്നെ, ശാസ്ത്രീയമായി പഠിച്ചെടുക്കാൻ നാം ഓർമ്മിക്കാറുമില്ല.

ഇതേ പ്രശ്നം നമ്മുടെ ഊർജ്ജാവശ്യങ്ങളേയും ഊർജ്ജാസൂത്രണത്തിനേയും ബാധിക്കുന്നുണ്ടു്. സൗരോർജ്ജം എന്നാൽ പുല്ലുതീറ്റാതെത്തന്നെ കറന്നെടുക്കാവുന്ന ഒരു വിശുദ്ധപശു ആണെന്നും (അല്ലെന്നും) ഇതിനകം കേരളത്തിന്റെ ഉടമസ്ഥനെന്ന പേരുദോഷം വീണ ദൈവം യഥാർത്ഥത്തിൽ കാറ്റിന്റെ അധിപനായ വായുദേവനാണു് എന്നും നമ്മിൽ പലരും അന്ധമായി അറിഞ്ഞുവെച്ചിട്ടുണ്ടു്. എന്നാൽ, അത്ര ലളിതമായ അനുമാനങ്ങൾ സ്വീകരിക്കാനോ പറഞ്ഞുപരത്താനോ ഊർജ്ജസാങ്കേതികതയുടെ യാഥാർത്ഥ്യങ്ങൾ നമ്മെ അനുവദിക്കുന്നില്ല. ഓരോ ഇതരമാർഗ്ഗങ്ങളുടേയും പരിമിതികൾ കൂടി മനസ്സിലാക്കുകയും അറിഞ്ഞുവെക്കുകയും ചെയ്യുക എന്നതുകൂടി എല്ലാ മേഖലകളിലുമുള്ള എഞ്ചിനീയറിങ്ങ് രീതികളുടെ ഭാഗമാണു്.
തീർച്ചയായും, നമുക്കു് പരമാവധി സൗരോർജ്ജചൂഷണം നടത്തുകതന്നെ ചെയ്യണം. എന്തെങ്കിലും വഴിയുണ്ടെങ്കിൽ നമുക്കു് കാറ്റിൽ നിന്നോ തിരമാലകളിൽനിന്നോ ഭൂഗർഭതാപത്തിൽ നിന്നോ കഴിയാവുന്നത്ര വൈദ്യുതി ചോർത്തിയെടുക്കുക തന്നെ വേണം. പക്ഷേ, ഇപ്പോഴത്തെ അറിവുകളും ഉപായങ്ങളും വെച്ചെങ്കിലും അവയൊന്നും ഊർജ്ജദാഹമെന്ന നമ്മുടെ അസുഖത്തിനുള്ള സർവ്വരോഗസംഹാരികളല്ല എന്ന തിരിച്ചറിവും വേണം.

ജൈവവൈവിദ്ധ്യം, സസ്യസമ്പത്തു്, ജലസമ്പത്തു്, വനഭൂമികളിലെ സഹജീവനം, പ്രാദേശികകാലാവസ്ഥ, ആഗോളകാലാവസ്ഥ ഇവയെല്ലാം നമ്മെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ സ്വത്തുക്കളാണു്. നമ്മേക്കാളും, നമ്മുടെ സന്തതിപരമ്പരകൾക്കുവേണ്ടി ആ സ്വത്തുക്കൾ ഏറ്റവും ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുകയും വേണം. ആ സന്തതിപരമ്പരകൾക്കൊപ്പംതന്നെ, കൊന്നും തിന്നും തിന്നപ്പെട്ടും പുലരുന്ന എല്ലാ ജീവിവർഗ്ഗങ്ങൾക്കുകൂടി അവകാശപ്പെട്ടതാണു് മേൽപ്പറഞ്ഞ സ്വത്തുക്കൾ. അവ നിലനിർത്താൻ ആരെങ്കിലും നമ്മെ ഏൽപ്പിച്ചിട്ടുള്ളതുകൊണ്ടല്ല, പ്രത്യുത അവ കൂടി ഉൾപ്പെട്ട ഊഴിയുടെ അഖിലസാരത്തെയാണു് നാം സ്നേഹം എന്നും പ്രകൃതി എന്നും ദൈവം എന്നും പേർ വിളിക്കുന്നതു് എന്ന തിരിച്ചറിവുകൊണ്ടാണു്. ആ ഒരു തിരിച്ചറിവിനോടു് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിവുള്ള ഏകജീവിവർഗ്ഗം മനുഷ്യനും ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എത്രയെങ്കിലും ശ്രമിക്കേണ്ടതു് വർത്തമാനകാലത്തെ അവന്റെ തലമുറയുമാണെന്നതുകൊണ്ടാണു്.
അതിനാൽ, നമുക്കു് കാര്യങ്ങൾ കൂടുതലായി പഠിച്ചുകൊണ്ടുതന്നെ, പരിസ്ഥിതിസൂക്തങ്ങളെക്കുറിച്ചും ഊർജ്ജസുവിശേഷങ്ങളെക്കുറിച്ചു് ഉദ്ഘോഷിക്കാം.

Friday, June 3, 2016

എല്ലാം ശരിയാകാൻ, വെറുതെ, മരങ്ങൾ നട്ടാൽ മതിയോ?

സസ്യങ്ങൾ CO2 എമിഷനു് ഒരു സമ്പൂർണ്ണപരിഹാരമാണെന്നു പറയുന്നതു് 100% ശരിയല്ല. നാം വെച്ചുപിടിപ്പിക്കുന്ന സസ്യങ്ങളുടെ ജീവദൈർഘ്യവും അതുകഴിഞ്ഞാൽ അവയ്ക്കു സംഭവിക്കുന്ന അനന്തരപരിണതികളും അനുസരിച്ചേ CO2 വമനത്തിനെതിരെ അവ മൂലമുള്ള പ്രതിരോധം എത്രയെന്നു കണക്കാക്കാൻ പറ്റൂ.

നമ്മുടെ നാട്ടിൽ മഴ പെയ്തു കഴിഞ്ഞാൽ, എല്ലായിടത്തും പച്ചപ്പണിഞ്ഞുകൊണ്ടു് ധാരാളം പുൽച്ചെടികളും ഓഷധികളും വള്ളികളും മുളച്ചുപൊങ്ങാറുണ്ടല്ലോ. ഇവയോരോന്നും അന്തരീക്ഷത്തിൽനിന്നു് CO2 ആഗിരണം ചെയ്യും. കൂടാതെ, മണ്ണിൽനിന്നു് വെള്ളവും ആകാശത്തുനിന്നു് സൂര്യപ്രകാശവും. വളരെക്കുറച്ചുമാത്രം അളവിൽ, ചെടിയ്ക്കു വളരാനാവശ്യമായ മറ്റു മൂലകങ്ങൾ (നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം...) ലവണരൂപത്തിൽ മണ്ണിൽ നിന്നുതന്നെ വലിച്ചെടുക്കും.
ഇങ്ങനെ വിവിധവസ്തുക്കൾ സ്വീകരിച്ചുകൊണ്ടു് അവയെ പ്രകാശസംശ്ലേഷണം വഴി രാസപരമായി കൂട്ടിയോജിപ്പിച്ചു് ഒടുവിൽ ആയിത്തീരുന്ന വസ്തുവാണു് ചെടി. അതിന്റെ കാണ്ഡവും ശിഖരങ്ങളും ഇലകളും വേരും പൂവും കായ്കളും എല്ലാം ഈ വസ്തുവിന്റെ തന്നെ വിവിധരൂപങ്ങൾ മാത്രമാണു്. ഇതിനെയെല്ലാം കൂടി നമുക്കു് ജൈവപിണ്ഡം അഥവാ ബയോമാസ്സ് എന്നു വിളിക്കാം.
ബയോമാസ്സിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം കാർബോഹൈഡ്രേറ്റുകളാണു്. അതായതു് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൂട്ടുചേർന്ന വിവിധ സംയുക്തങ്ങൾ. ഇവ മൂന്നിനും പുറമേ, നേരത്തെ പറഞ്ഞ മൂലകങ്ങളും ഉണ്ടെങ്കിലും അവയുടെ അംശം തീരെ നിസ്സാരമാണു്.

പുതുമഴ പെയ്തു് ഏതാനും ദിവസങ്ങൾക്കുള്ളിൽ മുളച്ചുപൊങ്ങി പടർന്നു വളർന്നു് അടുത്ത വേനലിൽ ഉണങ്ങിപ്പോകുന്ന ചെടികൾ അത്രയും സമയം കൊണ്ടു ചെയ്തതു് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് അവയെക്കൊണ്ടാവുന്ന വിധത്തിൽ വലിച്ചെടുത്തു് അതിനെ ജലവുമായി കൂട്ടിയിണക്കി കാർബോഹൈഡ്രേറ്റ് രൂപത്തിൽ അഥവാ ബയോമാസ്സ് ആയി ഭൂമിയിൽ നിക്ഷേപിക്കുകയാണു്. ഇങ്ങനെ ചെയ്യുന്നതിനെ കാർബൺ നിക്ഷേപം അല്ലെങ്കിൽ carbon deposit എന്നു പറയാം.

എത്ര കാലം ഒരളവ്  ബയോമാസ്സ്  വീണ്ടും CO2 ആയി വിഘടിക്കാതെ ഭൂമിയിൽ തന്നെ അവശേഷിക്കുന്നുവോ അത്രയും കാലത്തേക്കു്, അത്രയും  കാർബൺ ഡെപ്പോസിറ്റ് നമ്മുടെ കാലാവസ്ഥാ പ്രശ്നത്തിൽ നിന്നു് ഒഴിഞ്ഞുനിൽക്കുന്നു എന്നു കരുതാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ,  അന്തരീക്ഷത്തിൽ നിന്നും അത്രയും CO2 അക്കാലത്തേക്കു് അപ്രത്യക്ഷമായി.

എന്നെങ്കിലും ഒരിക്കൽ ജീവിച്ചിരുന്നതിന്റെ അവശിഷ്ടമോ ഉല്പന്നമോ ആയി  ഭൂമിയിൽ ഇപ്പോൾ നിലനിൽക്കുന്ന  ഏതു വസ്തുക്കളും പദാർത്ഥങ്ങളും ബയോമാസ്സ് ആണു്.

മനുഷ്യനുൾപ്പെടെയുള്ള മൃഗങ്ങൾക്കു് ജീവനത്തിനുതകുന്ന ഊർജ്ജം ലഭിക്കണമെങ്കിൽ അതു് ബയോമാസ്സ് വഴി മാത്രമേ ലഭിക്കൂ. (അതും ചിലതരം ബയോമാസ്സുകളിൽനിന്നു മാത്രം). ഉദാഹരണം പഞ്ചസാരയെ ഒരു ഊർജ്ജദായകഭക്ഷണമായി കണക്കാക്കാം. പഞ്ചസാര ലഭ്യമാവാൻ കാരണം എവിടെയോ കരിമ്പ് എന്ന ഒരു ചെടി ജീവിച്ചിരുന്നതുകൊണ്ടാണു്.
ഇതുപോലെ, ഒരു നൂറ്റാണ്ടോളം വീപ്പയിൽ സൂക്ഷിച്ചിരുന്ന അത്യന്തം മൂല്യമുള്ള മദ്യവും പത്തുവർഷം പഴക്കമുള്ള തേനും ഇന്നുരാവിലെ കറന്നെടുത്ത പാലും എല്ലാം ആഹാരയോഗ്യമായ ബയോമാസ്സ് തന്നെ. എന്നാൽ ഉപ്പ് വെറുമൊരു പോഷകം മാത്രമാണു്.  അവ  ഏതെങ്കിലും ജീവിയുടെ സൃഷ്ടിയല്ല. കുറേ ഉപ്പുതരികൾ ഒരു പക്ഷേ ഏതെങ്കിലും ജീവനത്തിലൂടെ കടന്നുപോയിട്ടുണ്ടാവാമെങ്കിലും അതിന്റെ ഊർജ്ജസംക്രമണചക്രത്തിൽ ആ ഉപ്പ് ഗണ്യമായ ഒരു പങ്കും വഹിച്ചിട്ടില്ല. മണൽ പോലെയുള്ള ധാതുക്കളാണെങ്കിൽ അത്ര പോലും നമുക്കുപകാരപ്രദമല്ല.

ബയോമാസ്സ് വിവിധകാലങ്ങളിലായി  പല വിധത്തിൽ വിഘടിച്ചുപോവാം.
മിക്കപ്പോഴും അവ ഓക്സിജനുമായി നേരിട്ടു ചേർന്നു് തിരിച്ച് CO2, ജലം എന്നിവയായി മാറും. ഇതാണു് ജ്വലനം. ഏതെങ്കിലും വസ്തു കത്തുമ്പോൾ അതു് ഓക്സിജനുമായി കൂടിച്ചേരുകയാണു്. ഓക്സീകരണം എന്ന ഈ പ്രക്രിയ മൂലം ചൂട് പുറത്തുവരും. മുമ്പ് ചെടി വെയിലിൽനിന്നു വലിച്ചെടുത്ത ഊർജ്ജമാണു് ചൂടിന്റെ രൂപത്തിൽ അപ്പോൾ പുറത്തുവരുന്നതു്. നാം  കഴിക്കുന്ന ആഹാരം ദഹിക്കുമ്പോൾ സംഭവിക്കുന്നതും ജ്വലനം തന്നെ. ശരീരകോശങ്ങൾക്കുള്ളിൽ വെച്ചാണു് ഇതു സംഭവിക്കുന്നതെന്നു മാത്രം.

ആഹാരത്തിനുവേണ്ടി ഉപയോഗിക്കുന്ന ബയോമാസ്സ് പദാർത്ഥങ്ങളൊക്കെ, ആ ആഹാരം ദഹിച്ചുകഴിയുന്നതോടെ CO2 ആയി മാറി അന്തരീക്ഷത്തിലേക്കു തന്നെ മടങ്ങും. (ഇങ്ങനെ നടക്കുന്നതിനിടയിൽ ആഹാരിയായ മൃഗത്തിന്റെ-നമ്മുടെ- ജീവിതചര്യയും നടന്നുപോവും എന്നു മാത്രം).

എന്നാൽ, മരത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നാം ആഹാരത്തിനുവേണ്ടി ഉപയോഗിക്കുന്നതു്. അതിൽ തന്നെ ഒരു ഭാഗം പല ഘട്ടങ്ങളിലുമായി ഉപയോഗിക്കാനാവാതെ പോകുന്നുമുണ്ടു്.ബയോമാസ്സ് ചിലപ്പോൾ ബാൿടീരിയാജീർണ്ണനത്തിലൂടെ മിഥെയ്ൻ വാതകമായി മാറാം. വർഷക്കാലത്തു് ചെടികളുടേയും മൃഗങ്ങളുടേയും അവശിഷ്ടങ്ങൾ വെള്ളത്തിൽ കിടന്നു ചീയുമ്പോൾ  സംഭവിക്കുന്നതു് ഇത്തരം മീഥെയ്ൻ പരിവർത്തനമാണു്. (മീഥെയ്ൻ അങ്ങനെത്തന്നെ കൂടുതൽ തീവ്രതയുള്ള ഒരു ഹരിതവാതകമാണു്. എന്നാൽ, വേണ്ടത്ര ജ്വലനതാപം ലഭിച്ചാൽ മീഥെയ്നും കത്തും. അതു് CO2വും ജലവുമായി മാറി വായുവിലേക്കു തിരിച്ചെത്തും.
CO2, മീഥെയ്ൻ എന്നിവ അന്തരീക്ഷത്തിലേക്കു തിരിച്ചുചെന്നാൽ അവയുടെ ബയോമാസ്സ്  പരിണാമചക്രം പൂർത്തിയായി.

അസ്ഥി, പുറന്തോടുകൾ തുടങ്ങിയ മൃഗാവശിഷ്ടങ്ങൾ (കാൽസ്യം കാർബണേറ്റ് ) കടലിലോ കരയിലോ അടിഞ്ഞുകിടക്കുകയുമാവാം. ആകെയുള്ള കാർബൺ ഡെപ്പോസിറ്റിൽ കാൽസ്യം കാർബണേറ്റ് വഹിക്കുന്ന പങ്കു് അതിഭീമമാണു്. ഭൂമിയുടെ പുറന്തോടിൽ നല്ലൊരു ശതമാനം ഇത്തരം അവശിഷ്ടങ്ങളായ ചുണ്ണാമ്പുകല്ലുകളും പവിഴപ്പുറ്റു ദ്വീപുകളുമാണു്.

അനേകലക്ഷം വർഷങ്ങൾ ഭൂമിയിൽ അടിഞ്ഞുകിടന്നു് അവയ്ക്കുമേൽ കൂടുതൽ മണ്ണോ മറ്റുപദാർത്ഥങ്ങളോ വന്നടിഞ്ഞു് ഉന്നതമർദ്ധത്തിൽ അവയിലെ ഓക്സിജൻ  വിഘടിച്ചുപോകുമ്പോഴാണു് കാർബോഹൈഡ്രേറ്റുകൾ ഹൈഡ്രോകാർബണുകളായി മാറുന്നതു്. ഹൈഡ്രജനും കാർബണും മാത്രം അടങ്ങിയിട്ടുള്ള സങ്കീർണ്ണമായ രാസസംയുക്തങ്ങളുടെ ഒരു മിശ്രിതമാണു് ഇത്തരം പദാർത്ഥങ്ങൾ. ഇവയാണു് ക്രൂഡ് ഓയിൽ എന്നു നാം വിളിക്കുന്ന പെട്രോളിയം എണ്ണ. ഇതുപോലെ, ഓക്സിജനും ഹൈഡ്രജനും വിട്ടുപോയി, വെറും കാർബൺ മാത്രമായ രൂപവും ഉണ്ടാവാം.  അതാണു് കൽക്കരി. ഇവയെ രണ്ടിനേയും ചേർത്തു്  ഫോസിൽ ഇന്ധങ്ങൾ  എന്നു വിളിക്കുന്നു.


ഭൂമിയിൽ ഇതുവരെ അവശേഷിക്കുന്ന ക്രൂഡ് ഓയിലും കൽക്കരിയും അവയെ നാം എടുത്തു കത്തിക്കുന്നതുവരെ, മികച്ച കാർബൺ ഡെപ്പോസിറ്റുകളാണു്. എത്രയോ ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഇവിടെ ജീവിച്ചുമരിച്ച സസ്യങ്ങളും വൃക്ഷങ്ങളും അന്തരീക്ഷത്തിൽനിന്നു വലിച്ചെടുത്തു്  സംഭരിച്ചുവെച്ചിരുന്ന CO2 ആണു് അവയ്ക്കുള്ളിൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നമായ ഗ്രീൻ ഹൗസ് പ്രഭാവത്തിൽ ഇടപെടാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നതു്.
എന്നാൽ, നാം ആ ഇന്ധനം എടുത്തു്  ഉപയോഗിക്കാൻ തുടങ്ങുന്ന മാത്രയിൽ, കുപ്പിയിലാക്കപ്പെട്ട ഒരു ഭൂതത്തിനെ നാം തുറന്നുവിടുകയാണു്.
സസ്യജന്യവസ്തുക്കളെക്കൊണ്ടു് വേറെയും ഉപയോഗമുണ്ടു്. കടലാസുമുതൽ മേശ, കസേര, പാർപ്പിടസാമഗ്രികൾ വരെ ഉല്പാദിപ്പിക്കുന്നതു് ബയോമാസ്സ് കൊണ്ടാണു്. ഇവയിൽ ചിലതു് വളരെക്കാലം അതേ രൂപത്തിൽ നിലനിൽക്കും. ഉദാഹരണത്തിനു് നാഷണൽ ആർക്കൈവ്സിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഒരു പുസ്തകം ഇനിയും ഒന്നോ രണ്ടോ നൂറ്റാണ്ടെങ്കിലും അതേ രൂപത്തിൽ സൂക്ഷിക്കപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാം. അതുപോലെ, അപ്പൂപ്പന്റെ കാലത്തുണ്ടാക്കിയ ഒരു കട്ടിൽ ഇപ്പോഴും ഉപയോഗക്ഷമമാണെങ്കിൽ അത്രയും ബയോമാസ്സ് നിലനിൽക്കുന്നു എന്നുപറയാം.
 

കാർബൺ ഡെപ്പോസിറ്റിന്റെ കാര്യത്തിൽ  ഒന്നോ രണ്ടോ വർഷം ആയുസ്സുള്ള ചെടികളേക്കാൾ വളരെ മികച്ച ഉപകാരമാണു് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും ആയുസ്സുള്ള വൻമരങ്ങൾ ചെയ്യുന്നതു്. ഒന്നാമതു്, അവ ജീവിച്ചിരിക്കുന്നിടത്തോളം കാലം അത്രയും ഭാരം CO2 (+ വെള്ളം)അന്തരീക്ഷത്തിൽനിന്നും അവുധിയെടുത്തു് വിശ്രമിക്കുകയാണു്.  ഇനി അവയുടെ തടി തുടങ്ങിയവ നാം പിന്നെയും കുറേക്കാലത്തേക്കു് ഉപയോഗിക്കുകയാണെങ്കിൽ ആ സമയം കൂടി ഈ അവുധിക്കാലത്തിൽ ചേർക്കാം.

കാട്ടുതീയിൽപ്പെട്ട വനം, വീട്ടിൽ ഉപയോഗിക്കുന്ന വിറകു്, റോട്ടുവക്കിലെ കരിയില  ഇവയെല്ലാം കത്തിച്ചുകളയുമ്പോൾ നാം അവയിലടങ്ങിയ CO2വിനെ അന്തരീക്ഷത്തിലേക്കു് പുറന്തള്ളുകയാണു്. മരം വെച്ചുപിടിപ്പിക്കുന്നതിനു് നേരേ വിപരീതമായ പ്രവൃത്തികളാണു് ഇവ.

ഇങ്ങനെ ആഹാരമോ വീട്ടുപകരണമോ കാൽസ്യം കാർബണേറ്റോ  ഒന്നും ആവാതെ, മണ്ണിൽ കലർന്നു് മണ്ണിന്റെ ഭാഗമായിത്തന്നെ അവശേഷിക്കുന്ന ബയോമാസ്സ് ഘടകവുമുണ്ടാകാം.  അവയാണു് മണലും മറ്റു ശുഷ്കധാതുക്കളും മാത്രമുള്ള നമ്മുടെ ഭൂതലത്തിൽ മണ്ണു് ആയി മാറുന്നതു്. മണ്ണിൽനിന്നു് ചെടികൾക്കു് കാർബണോ കാർബോഹൈഡ്രേറ്റോ ആവശ്യമില്ലെങ്കിലും ഇത്തരം ജൈവപിണ്ഡാവശിഷ്ടങ്ങൾ മണ്ണിനെ ഒരു സ്പോഞ്ചുപോലെയാക്കിമാറ്റുന്നു. കൂടുതൽ ജലം സംഭരിച്ചുവെക്കാനുള്ള മണ്ണിന്റെ കഴിവിനു് ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങൾ വൻതോതിൽ സഹായിക്കും.

ചുരുക്കത്തിൽ,
കാർബൺ ഡയോക്സൈഡ് എമിഷന്റെ പരിഹാരമായി നാം മരം നട്ടുവളർത്തിയാൽ മാത്രം പോരാ.   ആ മരങ്ങൾ പരമാവധി കാലം ജീവിച്ചിരിക്കുന്നുണ്ടെന്നും അവയിൽ നിന്നുമുള്ള ഉല്പന്നങ്ങൾ നമുക്കു യാതൊരു പ്രയോജനവുമില്ലാത്ത വിധത്തിൽ കത്തിച്ചുകളയപ്പെടുന്നില്ലെന്നും ഉറപ്പാക്കണം.


എന്നാൽ ഇതിനർത്ഥം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതുകൊണ്ടു് ഒരു കാര്യവുമില്ലെന്നാണോ?
അല്ലേയല്ല!
പുതുമഴയത്തു് തലപൊക്കുന്ന ഓരോ പുൽക്കൊടിത്തുമ്പും മതിലിന്മേൽ പറ്റിപ്പിടിച്ചുനിൽക്കുന്ന ഒരു പായൽത്തുണ്ടുപോലും  വർത്തമാനകാലപ്രകൃതിയെ ബാധിച്ച CO2 വമനം എന്ന മഹാമാരിയ്ക്കെതിരെയുള്ള ഒരു ചെറുചികിത്സയാണു്. നമ്മെക്കൊണ്ടു് എത്ര മാത്രം പച്ചപ്പു് ഈ ഭൂമിയെ പുതപ്പിക്കാൻ കഴിയുമോ അത്രയും നല്ലതു്. മനുഷ്യനും അവനോടൊപ്പം ഈ ഭൂമിയിൽ നിലനിൽക്കുന്ന പ്രകൃതിയുടെ മക്കളായ മറ്റു സഹജീവികൾക്കും  ഇനിയുമേറെക്കാലം അവരുടെ സുഖവാസം തുടരണമെങ്കിൽ അതിനുവേണ്ടി നമുക്കു് അടിയന്തിരമായി ചെയ്യാവുന്ന, ഏറ്റവും എളുപ്പവും സംശയരഹിതവുമായ വഴികളിൽ ആദ്യത്തേതാണു് സസ്യപോഷണം.

Thursday, June 2, 2016

KSEB - പ്രസരണനഷ്ടവും പരിഹാരവും

ചോദ്യം:


മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ സഹദേവന്‍ എഴുതിയ ലേഖനപ്രകാരം കേരളത്തിലെ പ്രസരണനഷ്ടം 20.4ശതമാനമാണ്. തമിഴ്നാട്ടിലേത് 9ശതമാനവും. 20.4ല്‍ നിന്നും 9ശതമാനമായി പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ 700മെഗാവാട്ട് വൈദ്യുതി ലാഭിക്കാമത്രേ! (കണക്കില്‍ പിശകുണ്ടെന്നാണ് എനിക്കു തോന്നുന്നത്.) എന്തായാലും അത്രയും കുറച്ചാല്‍ 200മെഗാവാട്ട് എങ്കിലും ലാഭിക്കാവുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. 200മെഗാവാട്ട് അതിരപ്പിള്ളി പദ്ധതിയില്‍നിന്നും കിട്ടില്ല. ഇനിയും 10ശതമാനത്തോളം പ്രസരണനഷ്ടം കുറയ്ക്കുന്നത് എത്രത്തോളം പ്രായോഗികമാണ്? അതിന് എത്രത്തോളം ചിലവുവരും?


ഉത്തരം:


ഓരോരുത്തരും അവരുടെ വാദം തെളിയിക്കാൻ അവർക്കാവശ്യമുള്ള കണക്കുകളാണു് എടുക്കുന്നതു്. അതിലേതാണു ശരിയെന്നു വ്യക്തമായി പറയാൻ എളുപ്പമല്ല.

കുറേ കൊല്ലം മുമ്പു വരെ കേരളത്തിന്റെ പ്രസരണനഷ്ടം ഭീമമായിരുന്നു. എന്നാൽ, വൈദ്യുതശൃംഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ചെലുത്തി കുറേയൊക്കെ അതിപ്പോൾ പരിഹരിച്ചിട്ടുണ്ടു്.

പ്രസരണനഷ്ടം എങ്ങനെയൊക്കെയാണുണ്ടാവുന്നതു്? അതിൽ ഒഴിച്ചുനിർത്താൻ പറ്റുന്നവ ഏതൊക്കെ?

1. പഴയ ഉപകരണങ്ങൾ, മോശപ്പെട്ട തൊഴിൽ ശീലങ്ങൾ
2. ലീക്കേജ്
3. വോൾട്ടേജ് ബൂസ്റ്റിങ്ങ്
4. ഗ്രിഡ് ലൈൻ ഓവർലോഡിങ്ങ്

ഉപകരണങ്ങൾ


ഇതിൽ ആദ്യത്തേതു ശരിയാക്കാൻ നാം ഗുണമേന്മയുള്ള ഉപകരണങ്ങളും തൊഴിൽ സംസ്കാരവും ഏർപ്പെടുത്തണം. പഴയ ഉപകരണങ്ങൾ തക്ക സമയത്തു് മാറ്റി സ്ഥാപിക്കണം. പുതിയവ വാങ്ങുമ്പോൾ മുടക്കുമുതൽ ലാഭിക്കാൻ വേണ്ടി ഗുണനിയന്ത്രണത്തിൽ അവഗണന പാടില്ല.
നിക്ഷേപച്ചെലവു കുറവു മതിയെന്നതിനാൽ, മുൻകാലങ്ങളിൽ അടിയന്തിരമായ പ്രശ്നങ്ങൾക്കു് പരിഹാരമായാണു് നാം   വൈദ്യുതി ഉല്പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും വേണ്ട  ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നതു്. ജനറേറ്ററുകൾ, ട്രാൻസ്‌ഫോർമറുകൾ, ടവറുകൾ, വൈദ്യുതി പ്രവഹിക്കുവാനുള്ള കമ്പികൾ, കേബിളുകൾ, സർക്യൂട്ട് ബ്രേക്കറുകൾ, പാനലുകളും ബസ് ബാറുകളും, പ്രൊട്ടൿഷനും കണ്ട്രോളിനും വേണ്ട റിലേകൾ,   ഇവയുടെ കണ്ട്രോൾ സിസ്റ്റം ഉപകരണങ്ങൾ, സിവിൽ മരാമത്തുകൾ ഇവയെല്ലാം ഇത്തരം ഉപകരണങ്ങളിൽ പെടും.

ഇത്തരം ഉപകരണങ്ങൾക്കു് സ്പെസിഫികേഷനുകൾ ഉണ്ടു്. അവയിലൂടെ എത്ര കറന്റ് പായിക്കാമെന്നും അവ എത്ര വോൾട്ടേജ് താങ്ങുമെന്നും എത്ര സമയം തുടർച്ചയായി പ്രവർത്തിക്കാമെന്നും എന്തെങ്കിലും തകരാറുകളോ അപകടങ്ങളോ ഉണ്ടായാൽ അവയ്ക്കെതിരേ എത്ര സമയം കൊണ്ടു് അവയുടെ പ്രതികരണങ്ങൾ സംഭവിക്കുമെന്നും മറ്റും കൃത്യമായി കണക്കാക്കി ഉറപ്പിച്ചിട്ടുള്ളതാണു് ഈ സ്പെസിഫിക്കേഷനുകൾ.

സ്പെസിഫിക്കേഷനുകളുടെ നിലവാരം കൂടും തോറും ഉപകരണത്തിന്റെ വിലയും കൂടും. കൂടുതൽ ഗുണമേന്മയുള്ള  പദാർത്ഥങ്ങൾ, അവ കൂടുതൽ അളവിലും തൂക്കത്തിലും ഉപയോഗിക്കേണ്ടി വരിക, കൂടുതൽ മെച്ചപ്പെട്ട ഉപഘടകങ്ങൾ രൂപകല്പന ചെയ്യേണ്ടി വരിക, കൂടുതൽ ചെലവുള്ള പരിപാലനം, കൂടുതൽ മനുഷ്യവിഭവങ്ങൾ ഇവയൊക്കെയാണു് വിലയും മുടക്കുമുതലും നിശ്ചയിക്കുന്നതു്.




മുൻകാലങ്ങളിൽ പൊതുവേ പണത്തിനു് ഇതിലുമെത്രയോ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്ന സമ്പദ്വ്യവസ്ഥയായിരുന്നു നമ്മുടേതു്.  എല്ലാ തുറയിലുമെന്നതുപോലെ, അടിയന്തിരപ്രതിസന്ധികൾ വരുമ്പോൾ 'എങ്ങനെയെങ്കിലും പെട്ടെന്നു് കാര്യങ്ങൾ നടക്കണം' എന്ന ഒരൊറ്റ നയം മാത്രം സ്വീകരിക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ ഭരണകൂടം. അതിനാൽ, തൽക്കാലം അത്യാവശ്യമുള്ള സംവിധാനം മാത്രം നിർമ്മിച്ചുപൂർത്തിയാക്കുക എന്ന ഹ്രസ്വകാലപരിഹാരമാർഗ്ഗങ്ങളിലേക്കു്  നാം ചെന്നെത്തി.

ഇതിന്റെ ഫലമായി, കുറഞ്ഞ വിലയുള്ള ഉപകരണങ്ങളും വേണ്ടത്ര  വികസനകരുതൽ ശേഷി ഇല്ലാത്ത സ്പെസിഫിക്കേഷനുകളും നാം തെരഞ്ഞെടുത്തു. 


പിൽക്കാലത്തു്,പ്രതീക്ഷയിൽക്കവിഞ്ഞ വളർച്ച നമ്മുടെ ഉപഭോഗശീലത്തിൽ ഉണ്ടായപ്പോൾ ഈ ഉപകരണസംവിധാനം അതിനു താങ്ങാവുന്ന സ്പെസിഫിക്കേഷനുകളെ അതിലംഘിച്ചു.  അതു മൂലം, കൂടുതൽ തേയ്മാനം, അപകടങ്ങൾ, തകരാറുകൾ എന്നീ ദോഷങ്ങൾക്കൊപ്പം പ്രസരണനഷ്ടവും അസാധാരണമായി വർദ്ധിച്ചു.


ആകെ ലഭ്യമായ ഊർജ്ജത്തിന്റെ നല്ലൊരു ഭാഗം ഇങ്ങനെ നഷ്ടപ്പെട്ടു പോവുന്നതു് നിർണ്ണായകമായ ഒരു ഘട്ടത്തിലെത്തിയപ്പോഴാണു് അതെങ്ങനെ കുറക്കാം എന്നു നാം ആലോചിച്ചുതുടങ്ങുന്നതു്.  1980-കളിൽ തുടങ്ങിവെച്ച ഈ ചിന്തകൾ ക്രമേണ നമ്മുടെ ഊർജ്ജവികസനനയത്തിന്റെ ഭാഗമായി. അതിന്റെ ഫലമായാണു് 400 കെ.വി. സൂപ്പർ സ്റ്റേഷനുകൾ, ദേശീയ ഗ്രിഡ്ഡിലേക്കുള്ള ഉദ്ഗ്രഥനം, കൂടുതൽ അന്തർസംസ്ഥാന- പ്രാദേശിക-പ്രസരണപാതകൾ എന്നിവ നാം സ്ഥാപിക്കാൻ തുടങ്ങിയതു്. എന്നാൽ, ഈയൊരു ശ്രമം ഇപ്പോഴും പൂർണ്ണതയിലെത്തിയിട്ടില്ല.

പുതുതായി ഉപകരണങ്ങൾ സ്ഥാപിക്കുമ്പോഴും  ഇപ്പോൾ ഉള്ളവ കാലപ്പഴക്കം കൊണ്ടോ കപ്പാസിറ്റി അപര്യാപ്തത കൊണ്ടോ മാറ്റിവെക്കുമ്പോഴും ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുക്കുകയാണു് പ്രസരണനഷ്ടങ്ങൾ കുറയ്ക്കാൻ വേണ്ടി നമുക്കുചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ വഴി.

അതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു് തൊഴിൽ സംസ്കാരത്തിൽ വിദഗ്ദപരിശീലനം, തൊഴിലാളികളുടെ ജോലി സൗകര്യം, സംതൃപ്തി, സുരക്ഷിതത്വം, ആത്മാർത്ഥത, അർപ്പണബോധം, ദീർഘവീക്ഷണം എന്നിവ. തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മാനേജ്മെന്റിനു് തൊഴിലാളികളുടേയും കോണ്ട്രാക്ടർമാരുടേയും പരിമിതികളും അതേ സമയം കൗശലങ്ങളും മനസ്സിലാക്കി അവയ്ക്കൊത്തു് അവരെ  നിയന്ത്രിക്കാനും ക്രിയാത്മകമായി സഹായിക്കാനും കഴിയണം.


ലീക്കേജ്:

മോശം ഇൻസുലേഷൻ, ഐസോലേഷൻ, മഴ, എർത്തിങ്ങ്, സസ്യങ്ങളുടെ പടർപ്പുകൾ, നിരന്തരമായ സോഫ്റ്റ് കോണ്ടാക്റ്റ് ഫോൾട്ടുകൾ ഇവ മൂലമുള്ള വൈദ്യുതിചോർച്ചയും ആദ്യം ചൂണ്ടിക്കാണിച്ച കാരണത്തിന്റെ ഉപപ്രശ്നങ്ങളാണു്.


വോൾട്ടേജ് ബൂസ്റ്റിങ്ങ്

കാൽ നൂറ്റാണ്ടുമുമ്പു്  വടക്കൻ കേരളത്തിൽ സ്ഥിരം വോൾട്ടേജ് 80-120 ആയിരുന്ന സമയമുണ്ടായിരുന്നു. അവിടെ ആ വോൾട്ടേജെങ്കിലും കിട്ടണമെങ്കിൽ പൊരിങ്ങൽകുത്തിൽനിന്നും മൂലമറ്റത്തുനിന്നും (അല്ലെങ്കിൽ മാടക്കത്ര നിന്നും) 250 വോൾട്ടെങ്കിലും അയച്ചിരിക്കണം.
അതിനർത്ഥം, തൃശ്ശൂർക്കാർ 230 വോൾട്ടിന്റെ ലോഡിനു് 20 വോൾട്ട് കൂടുതൽ കൊടുക്കുന്നു എന്നാവും. കൂടുതലുള്ള ഓരോ വോൾട്ടിനും അതിന്റെ വർഗ്ഗാനുപാതത്തിലാണു് ഊർജ്ജം ചെലവാകുക. അതായതു് വോൾട്ടേജ് ഇരട്ടിക്കുമ്പോൾ പവർ / എനർജി നാലിരട്ടിയാവും.

തൃശ്ശൂർക്കാർ അങ്ങനെ, ആവശ്യമില്ലാതെത്തന്നെ കൂടുതൽ ഊർജ്ജം ചെലവാക്കുമ്പോൾ (കൂട്ടത്തിൽ അവരുടെ ഗൃഹോപകരണങ്ങൾ ഓവർ വോൾട്ടേജ് മൂലം എരിച്ചു കളയുമ്പോൾ) കണ്ണൂർക്കാർ തങ്ങൾക്കു കിട്ടുന്ന 80 വോൾട്ട് ഒന്നിനും തികയാതെ ഇരിക്കുകയാവും. അവരുടെ മോട്ടോർ ഉപകരണങ്ങൾ ആവശ്യമുള്ള ടോർക്ക് ലഭിക്കാതെ, വേണ്ടത്ര പണിയെടുക്കാതെത്തന്നെ, കൂടുതൽ കറന്റും ഊർജ്ജവും എടുക്കുന്നു. (കൂടാതെ, മിക്കപ്പോഴും ഓവർ കറന്റു മൂലം വൈൻഡിങ്ങ് എരിഞ്ഞുപോകുന്നു).

തൃശ്ശൂർ നിന്നു പുറപ്പെട്ട 250 വോൾട്ട് കണ്ണൂരെത്തിയപ്പോൾ 80 അല്ലെങ്കിൽ 100 ആയതെങ്ങനെ? എവിടെയാണു് വോൾട്ടത ഇറങ്ങിപ്പോയതു്?
ശരിയായ കനവും ധാരിതയുമുള്ള ലൈനുകളില്ലാത്തതിനാൽ, അല്ലെങ്കിൽ ആവുന്നതിനേക്കാൾ കറന്റ് വഹിക്കുന്നതിനാൽ, ഉണ്ടാവുന്ന ലൈൻ ലോസ്സ് ( I2R ലോസ്സ് - കോപ്പർ ലോസ്സ്) ആണു് അതിനു മുഖ്യകാരണം. ഇതൊഴിവാക്കാനാണു് നാം ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതു്. 11KVയിൽ 1000 ആമ്പിയർ വേണ്ടിടത്തു 220 KVയിൽ 50 ആമ്പിയർ മതി. എത്ര ആമ്പിയർ കുറയുന്നോ അത്രയും ലൈൻ ലോസ്സും കുറയും.
പ്രസരണനഷ്ടം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി വേണ്ടത്ര ഹൈ വോൾട്ടേജ് ലൈനുകളും പവർ സബ്സ്റ്റേഷനുകളും സ്ഥാപിക്കുകയാണു്.
പക്ഷേ കേരളത്തിലെ വിലപിടിച്ച, ചുരുങ്ങിയ ഭൂമിയിൽ ട്രാൻസ്മിഷൻ ലൈനുകൾ വമ്പിച്ച പ്രതിഷേധത്തിനു വഴി തെളിയ്ക്കുന്നു. ഒരു വശത്തു് ഭൂമാഫിയകളും മറുവശത്തു് പരിസ്ഥിതി വാദികളും.
ആരാണു് തെറ്റുകാർ? അവരവരുടെ വ്യൂ പോയിന്റിൽ നിന്നു് എല്ലാവരും ശരിയാണു ചെയ്യുന്നതു്.
കൂടാതെ, HT ലൈനുകളും പവർ സ്റ്റേഷനുകളും ഭാരിച്ച മുടക്കുമുതൽ വേണ്ടവയാണു്. കൂടുതൽ ഓപ്പറേറ്റിങ്ങ് ചെലവുകളും.


ഗ്രിഡ് ലൈൻ ഓവർലോഡിങ്ങ്

ഹൈ വോൾട്ടേജിലെ പ്രശ്നങ്ങളുടെ അതേ പകർപ്പാണു് വിതരണശൃംഖലയിലുമുള്ളതു്. എല്ലാ വീട്ടിലും 230 വോൾട്ട് എത്തിക്കണമെങ്കിൽ അവ ട്രാൻസ്ഫോർമറിൽ നിന്നു് ഒരേ ദൂരത്തിലായിരിക്കണം. അകലം കൂടും തോറും വോൾട്ടേജ് കുറഞ്ഞുവരും. അതുകൊണ്ടു് അടുത്തടുത്തു് 11KV/440V ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കേണ്ടി വരും. അവയിലേക്കെല്ലാം 11 KV ലൈനുകൾ വലിക്കേണ്ടിയും വരും.
ഏതു വോൾട്ടേജായാലും, ഓരോ വീട്ടിലും ധാരാളം ഉപഭോഗം നടക്കുന്നുണ്ടെങ്കിൽ അത്രയും കറന്റ് ലൈനിലൂടെ പോകണം. അത്രയും കോപ്പർ ലോസ്സ് (I2R) ഉണ്ടാവുകയും ചെയ്യും. വിതരണതലത്തിൽ ഉണ്ടാകുന്ന നഷ്ടവും പ്രസരണനഷ്ടങ്ങളുടെ ഭാഗമാണു്.

എന്നാൽ, ഇതിലുമൊക്കെ വലിയ ഒരു തലത്തിലുണ്ടാവുന്ന നഷ്ടമാണു് ഗ്രിഡ് ലൈൻ ഓവർലോഡിങ്ങ്. ഉല്പാദിപ്പിക്കുന്ന ഇടവും ഉപഭോഗം നടക്കുന്ന ഇടവും തമ്മിലുള്ള ദൂരം വളരെ കൂടുതലാണെങ്കിൽ എന്തായാലും അത്രയുംകോപ്പർ ലോസ്സും കൂടും. മാത്രമല്ല, ഉപഭോഗം കൂടുന്നതിനനുസരിച്ച് വർഗ്ഗാനുപാതത്തിലും (ചിലപ്പോൾ അതിനും മുകളിലും) ലൈൻ ലോസ്സും കൂടുകയും ചെയ്യും.
കൊച്ചി നഗരത്തിൽ രാത്രി 8 മണിക്കു് എല്ലാവരും കറന്റ് ഉപയോഗിക്കുമ്പോൾ, ആ കറന്റിന്റെ 84 % വരുന്നതു് രാമകുണ്ഡം, നെയ്‌വേലി, കോട്ട, കോർബ, ഉത്തരാഞ്ചൽ എന്നിവിടങ്ങളിൽ നിന്നൊക്കെയാവാം. അതെല്ലാം ഒരുമിച്ചു് കേരളത്തിലേക്കെത്താൻ നമുക്കു് മൂന്നോ നാലോ പാതകളേ ഉള്ളൂ. അവയിലൂടെയൊക്കെ ആ സമയത്തു് ഭാരിച്ച കറന്റായിരിക്കും ഒഴുകുന്നതു്. അതിന്റെ ഗണ്യമായ ഒരു ഭാഗം പ്രസരണനഷ്ടമായി മാറും.
ഈ നഷ്ടം ഒഴിവാക്കാൻ ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ. കറന്റ് ഇറക്കുമതി ചെയ്യാതിരിക്കുക. ചുരുങ്ങിയ പക്ഷം അമിതമായി ഇറക്കുമതി ചെയ്യാതിരിക്കുക. പകരം നമ്മുടെ ലോഡ് സെന്ററുകൾക്കടുത്തുതന്നെ പരമാവധി കറന്റ് ഉല്പാദിപ്പിക്കാനാവുമെന്നു് ഉറപ്പുവരുത്തുക.
മുകളിൽ പറഞ്ഞവയിൽ യഥാർത്ഥ പ്രസരണനഷ്ടം ഏതൊക്കെയെന്നു് എനർജി ഓഡിറ്റ് നടത്തുന്ന ഓരോരുത്തർക്കും അവരവരുടെ ആവശ്യം പോലെ തീരുമാനിക്കാം. ഇങ്കം ടാക്സ് കൊടുക്കാൻ നേരത്തു് വിദഗ്ദ്ധരായ ടാക്സ് കൺസൾട്ടന്റുകളും കമ്പനി സെക്രട്ടറികളും ചെയ്യുന്നതുപോലെ, പരിസ്ഥിതിപ്രത്യാഘാത (EIA) റിപ്പോർട്ടുകൾ എഴുതാൻ നേരത്തു് അതാതു് തല്പരകക്ഷികൾ ചെയ്യുന്നതുപോലെ, സ്യൂഡോ-സയന്റിസ്റ്റുകളും ജ്യോത്സ്യൻമാരും ചെയ്യുന്നതുപോലെ, വേണമെങ്കിൽ അതിനെ 20% എന്നു വിളിക്കാം. അല്ലെങ്കിൽ 10% എന്നോ അഞ്ചു ശതമാനമെന്നോ വിളിക്കാം.
അത്ര കണ്ടു് വളയുകയോ തിരിയുകയോ ചെയ്യുന്ന ഒരു ശതമാനക്കണക്കാണു് അതു്.