Monday, June 6, 2016

പുല്ലു വേണ്ടാത്ത കറവപ്പശുക്കൾ ഇല്ല

ശാസ്ത്രീയസംഗീതമായാലും ഹാം റേഡിയോ ആയാലും ഫ്രീ സോഫ്റ്റ്‌വെയർ ആയാലും പരിസ്ഥിതിയായാലും ഇനി ഏതെങ്കിലും രാഷ്ട്രീയാദർശമായാലും ആദ്യം സദുദ്ദേശ്യത്തോടെ, അതിനോടുള്ള ആത്മാർത്ഥമായ താല്പര്യംകൊണ്ടു്, ലോകത്തെ സഹായിക്കാനുള്ള നമ്മുടെയെല്ലാം സഹജമായ വ്യഗ്രതകൊണ്ടു്, നാം അതിൽ ഇടപെടാൻ തുടങ്ങും. ആ ആശയത്തിനെക്കുറിച്ചു പഠിക്കാനും മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കാനും ശ്രമിക്കും. അതിനു് ഉപോൽബലകമായ വസ്തുതകൾ പറയുന്ന വിദഗ്ദ്ധരെ ശ്രദ്ധിക്കാനും പഠിക്കാനും അവരെ ഏറ്റുപിടിക്കാനും തുടങ്ങും.
കുറേക്കഴിയുമ്പോൾ, അത്തരം ആദർശങ്ങൾ ഒരു മതത്തിന്റെ സ്വഭാവം ആർജ്ജിക്കും. വിദഗ്ദ്ധർ മതാചാര്യന്മാരും പുരോഹിതന്മാരും സെലബ്രിറ്റികളും ആയിത്തീരും. അവർ പറഞ്ഞുകൊണ്ടിരുന്നതും ഇനി പറയാൻ പോകുന്നതും വേദസൂക്തങ്ങളാവും. അപ്പറയുന്നതിൽ എത്ര അഗാധതലത്തിലുള്ള, എത്ര അപ്‌ഡേറ്റഡ് ആയ സയൻസ് ഉണ്ടെന്നു പോലും നാം പിൻതിരിഞ്ഞുനോക്കിയെന്നു വരില്ല.

തങ്ങളുടെ സെലബ്രേഷനെത്തന്നെ സംരക്ഷിക്കാൻ നിർബന്ധിതരായ സെലബ്രിറ്റികൾക്കു് ആ ഒരു കാര്യത്തിനുവേണ്ടിത്തന്നെ, സ്വന്തം വേദസൂക്തങ്ങൾ മുറുകെപ്പിടിക്കേണ്ടിവരും. തങ്ങളുടെ നിലപാടുകളിൽ നിന്നു് തിരിച്ചുപോവാനാവാത്ത വിധത്തിൽ അവർ self-locked ആയി മാറും. അവരെ ഏറ്റെടുത്ത ശുദ്ധഗതിക്കാരായ പൊതുജനം അപ്പൊഴേക്കും നിഷ്കളങ്കമായ ഒരു മൃഗീയഭൂരിപക്ഷവും അവരുടെ ഒച്ച അംഗീകരിക്കപ്പെട്ട ശാസ്ത്രവുമായി മാറിക്കഴിഞ്ഞിരിക്കും.

 നന്നേ കുട്ടിക്കാലം മുതൽ, കഴിഞ്ഞ നാല്പതോളം വർഷമായി ഒരു ശാസ്ത്രാന്വേഷിയെന്ന നിലയിൽ യാതൊരു മുൻവിധികളും ഒരിക്കൽ‌പോലും കാത്തുസൂക്ഷിക്കാതെ, സൈലന്റ് വാലി മുതൽ അതിരപ്പള്ളി വരെയുള്ള നമ്മുടെ പരിസ്ഥിതിസങ്കൽപ്പങ്ങളും പരിസ്ഥിതിരാഷ്ട്രീയവും ഒട്ടൊക്കെ നിശ്ശബ്ദമായും തുടർച്ചയായും പഠിച്ചുകൊണ്ടിരുന്നിട്ടുണ്ടു് ഈയുള്ളവൻ. (പരിസ്ഥിതിരാഷ്ട്രീയം എന്നിവിടെ ഉദ്ദേശിക്കുന്നതു് കക്ഷിരാഷ്ട്രീയമല്ല, പരിസ്ഥിതിമാറ്റങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനേയും വികാസത്തേയും എങ്ങനെയാണു ബാധിക്കാൻ പോകുന്നതെന്ന ശരാശരി ജനങ്ങളുടെ കാഴ്ചപ്പാടുകളും നിലപാടുകളും പ്രതിപ്രവർത്തനങ്ങളും ഉൾപ്പെടുന്ന രാഷ്ട്രബോധം). ഇടുക്കി മുതൽ സൈലന്റ് വാലിയും ഇടമലയാറും പൂയംകുട്ടിയും വഴി അതിരപ്പിള്ളി വരെയുള്ള കേരളത്തിന്റെ ആധുനികജലവൈദ്യുതപദ്ധതീചരിത്രം ഇന്നത്തെ ഭൂമിശാസ്ത്രത്തിനു് ഇട്ടുകൊടുക്കുന്ന ശാസ്ത്രീയവിശദീകരണം ഒട്ടുപോലും തൃപ്തിപ്പെടുത്തുന്നതായി എനിക്കു തോന്നിയിട്ടില്ല.

സ്വന്തം ഭാഗം ന്യായീകരിക്കാനായി ഓരോരുത്തരും ഉയർത്തിക്കാട്ടുന്ന ഉദാഹരണങ്ങൾ പലപ്പോഴും വ്യാജമോ
വസ്തുതാവിരുദ്ധമോ ആവാറുണ്ടു്. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ വേനൽക്കാലത്തെ പടം കാണിച്ചും ഭാരതപ്പുഴ എന്ന ഭൂതകാലക്കുളിരിന്റെ മണൽച്ചിത കാണിച്ചും നമ്മുടെ പുഴകൾ മരിക്കുന്നതു് അണക്കെട്ടുകൾ മൂലമാണെന്നും മറ്റും എഴുതിയെഴുന്നെള്ളിക്കുമ്പോൾ നാം നമ്മെത്തന്നെ കബളിപ്പിക്കുകയാണു്.
കാടുകൾ നശിക്കുന്നതും ജൈവവൈവിദ്ധ്യം ഇല്ലാതാകുന്നതും ജലസമ്പത്തു് കുറഞ്ഞുവരുന്നതും പ്രാദേശികമായോ ആഗോളതലത്തിലോ ഉഷ്ണകാണ്ഡങ്ങളുണ്ടാവുന്നതും അണക്കെട്ടുകൾ കൊണ്ടല്ല. അഥവാ അണക്കെട്ടുകൾ കൊണ്ടു മാത്രമല്ല. അണക്കെട്ടുകൾ മൂലം നശിക്കുന്നതിനേക്കാൾ കാടു് വെറും അത്യാർത്തി മൂലം വെട്ടിപ്പിടിച്ചും ചെത്തിയൊതുക്കിയും തുരന്നുതിന്നും നാണ്യവിളകൾ വെച്ചും നാം നശിപ്പിച്ചു നാറാണക്കല്ലിളക്കുന്നുണ്ടു്. അതേപ്പറ്റി, വേണ്ടത്ര ഉറക്കെ പറയാനും ശക്തമായി പ്രക്ഷോഭണം നടത്താനും നമ്മുടെ പരിസ്ഥിതിവാദികൾക്കു് എന്തുകൊണ്ടോ ചോരതിളപ്പു പോര.

അണക്കെട്ടുകൾ മൂലം ജൈവവൈവിദ്ധ്യം നശിക്കുന്നുണ്ടോ? ഭാരതപ്പുഴയിലെ വേനൽപ്പരപ്പിൽ മുടിഞ്ഞുപോയ ജലജീവിസമ്പത്തിനും അതിന്റെ ഓരങ്ങളിൽനിന്നും മാഞ്ഞുപോയ കണ്ടൽപ്പച്ചപ്പുകൾക്കും സമാധാനം പറയേണ്ട അണക്കെട്ടു് ഏതാണു്?

നമ്മുടെ മലനാട്ടിലും ഇടനാട്ടിലും തീരങ്ങളിലും നിരന്തരമായി വെള്ളപ്പൊക്കങ്ങളും വരൾച്ചയും ഉണ്ടാവുന്നതു് അണക്കെട്ടുകൾ മൂലമാണോ?

ഉയരങ്ങളിലെ കൃത്രിമതടാകങ്ങളുടെ സാന്നിദ്ധ്യം വർഷപാതത്തെ കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നതു്?
ഇക്കഴിഞ്ഞ വേനൽക്കാലത്തേതുപോലുള്ള, അടിയ്ക്കടി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉഷ്ണതരംഗങ്ങൾക്കു് ഏതു ഭൂമിശാസ്ത്രപ്രതിഭാസമാണു് അല്ലെങ്കിൽ ഏതു മനുഷ്യപ്രവൃത്തിയാണു് ഉത്തരവാദി?

പരിസ്ഥിതി എന്നതു് എല്ലാം കൂടി കൂട്ടിക്കലർത്തി കുഴമ്പുപരുവത്തിലാക്കിയ ഒരൊറ്റ വിഷയമല്ല. ജൈവവൈവിദ്ധ്യം, സസ്യസമ്പത്തു്, ജലസമ്പത്തു്, വനഭൂമികളിലെ സഹജീവനം, പ്രാദേശികകാലാവസ്ഥ, ആഗോളകാലാവസ്ഥ ഇവയെല്ലാം അതിന്റെ തനതു് ഉപഭാഗങ്ങളാണു്. ഇവയെല്ലാത്തിനേയും ഒരേ തോതിൽ ദോഷകരമായിട്ടോ, ദോഷകരമായിട്ടുതന്നെയോ അല്ല അണക്കെട്ടുകൾ (അവയുടെ റിസർവ്വോയറുകളും അനുബന്ധനിർമ്മാണമേഖലകളും ഉൾപ്പെടെ) ബാധിക്കുന്നതു്. അങ്ങനെയാണെന്നു നമ്മെ ധരിപ്പിക്കുന്നവർ ഒന്നുകിൽ വേണ്ടത്ര ശാസ്ത്രം പഠിച്ചിട്ടില്ല. അല്ലെങ്കിൽ, വേണ്ടത്ര ശാസ്ത്രം സാധാരണക്കാരോടു് തുറന്നു പറയുന്നില്ല. ഇതിൽ ഓരോ ഘടകങ്ങളേയും വെവ്വേറെത്തന്നെ, അടിസ്ഥാനതലത്തിൽ നിന്നുതന്നെ, ശാസ്ത്രീയമായി പഠിച്ചെടുക്കാൻ നാം ഓർമ്മിക്കാറുമില്ല.

ഇതേ പ്രശ്നം നമ്മുടെ ഊർജ്ജാവശ്യങ്ങളേയും ഊർജ്ജാസൂത്രണത്തിനേയും ബാധിക്കുന്നുണ്ടു്. സൗരോർജ്ജം എന്നാൽ പുല്ലുതീറ്റാതെത്തന്നെ കറന്നെടുക്കാവുന്ന ഒരു വിശുദ്ധപശു ആണെന്നും (അല്ലെന്നും) ഇതിനകം കേരളത്തിന്റെ ഉടമസ്ഥനെന്ന പേരുദോഷം വീണ ദൈവം യഥാർത്ഥത്തിൽ കാറ്റിന്റെ അധിപനായ വായുദേവനാണു് എന്നും നമ്മിൽ പലരും അന്ധമായി അറിഞ്ഞുവെച്ചിട്ടുണ്ടു്. എന്നാൽ, അത്ര ലളിതമായ അനുമാനങ്ങൾ സ്വീകരിക്കാനോ പറഞ്ഞുപരത്താനോ ഊർജ്ജസാങ്കേതികതയുടെ യാഥാർത്ഥ്യങ്ങൾ നമ്മെ അനുവദിക്കുന്നില്ല. ഓരോ ഇതരമാർഗ്ഗങ്ങളുടേയും പരിമിതികൾ കൂടി മനസ്സിലാക്കുകയും അറിഞ്ഞുവെക്കുകയും ചെയ്യുക എന്നതുകൂടി എല്ലാ മേഖലകളിലുമുള്ള എഞ്ചിനീയറിങ്ങ് രീതികളുടെ ഭാഗമാണു്.
തീർച്ചയായും, നമുക്കു് പരമാവധി സൗരോർജ്ജചൂഷണം നടത്തുകതന്നെ ചെയ്യണം. എന്തെങ്കിലും വഴിയുണ്ടെങ്കിൽ നമുക്കു് കാറ്റിൽ നിന്നോ തിരമാലകളിൽനിന്നോ ഭൂഗർഭതാപത്തിൽ നിന്നോ കഴിയാവുന്നത്ര വൈദ്യുതി ചോർത്തിയെടുക്കുക തന്നെ വേണം. പക്ഷേ, ഇപ്പോഴത്തെ അറിവുകളും ഉപായങ്ങളും വെച്ചെങ്കിലും അവയൊന്നും ഊർജ്ജദാഹമെന്ന നമ്മുടെ അസുഖത്തിനുള്ള സർവ്വരോഗസംഹാരികളല്ല എന്ന തിരിച്ചറിവും വേണം.

ജൈവവൈവിദ്ധ്യം, സസ്യസമ്പത്തു്, ജലസമ്പത്തു്, വനഭൂമികളിലെ സഹജീവനം, പ്രാദേശികകാലാവസ്ഥ, ആഗോളകാലാവസ്ഥ ഇവയെല്ലാം നമ്മെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ സ്വത്തുക്കളാണു്. നമ്മേക്കാളും, നമ്മുടെ സന്തതിപരമ്പരകൾക്കുവേണ്ടി ആ സ്വത്തുക്കൾ ഏറ്റവും ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുകയും വേണം. ആ സന്തതിപരമ്പരകൾക്കൊപ്പംതന്നെ, കൊന്നും തിന്നും തിന്നപ്പെട്ടും പുലരുന്ന എല്ലാ ജീവിവർഗ്ഗങ്ങൾക്കുകൂടി അവകാശപ്പെട്ടതാണു് മേൽപ്പറഞ്ഞ സ്വത്തുക്കൾ. അവ നിലനിർത്താൻ ആരെങ്കിലും നമ്മെ ഏൽപ്പിച്ചിട്ടുള്ളതുകൊണ്ടല്ല, പ്രത്യുത അവ കൂടി ഉൾപ്പെട്ട ഊഴിയുടെ അഖിലസാരത്തെയാണു് നാം സ്നേഹം എന്നും പ്രകൃതി എന്നും ദൈവം എന്നും പേർ വിളിക്കുന്നതു് എന്ന തിരിച്ചറിവുകൊണ്ടാണു്. ആ ഒരു തിരിച്ചറിവിനോടു് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിവുള്ള ഏകജീവിവർഗ്ഗം മനുഷ്യനും ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എത്രയെങ്കിലും ശ്രമിക്കേണ്ടതു് വർത്തമാനകാലത്തെ അവന്റെ തലമുറയുമാണെന്നതുകൊണ്ടാണു്.
അതിനാൽ, നമുക്കു് കാര്യങ്ങൾ കൂടുതലായി പഠിച്ചുകൊണ്ടുതന്നെ, പരിസ്ഥിതിസൂക്തങ്ങളെക്കുറിച്ചും ഊർജ്ജസുവിശേഷങ്ങളെക്കുറിച്ചു് ഉദ്ഘോഷിക്കാം.

4 comments:

 1. നിങ്ങൾ ഒരു വികസന മൗലിക വാദിയാണോ പരിസ്തിതി മൗലിക വാദിയാനോ?

  ReplyDelete
 2. നിങ്ങൾ ഒരു വികസന മൗലിക വാദിയാണോ പരിസ്തിതി മൗലിക വാദിയാണോ?

  ReplyDelete
 3. ഏതെങ്കിലും ഒരു വശത്തു് അടിഞ്ഞുകൂടുന്ന മൗലികവാദികളെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ അല്ലേ?
  അങ്ങനെയല്ല നിലപാടുകൾ സ്വീകരിക്കേണ്ടതു് എന്നു ചൂണ്ടിക്കാണിക്കാനാണു് ഈ രാമായണം മുഴുവൻ എഴുതിയതു്. എന്നിട്ടും തോന്നിയതു് ഇതും ഒരു പക്ഷാന്തരമൗലികവാദമാണെന്നാണോ?

  ReplyDelete