Friday, June 3, 2016

എല്ലാം ശരിയാകാൻ, വെറുതെ, മരങ്ങൾ നട്ടാൽ മതിയോ?

സസ്യങ്ങൾ CO2 എമിഷനു് ഒരു സമ്പൂർണ്ണപരിഹാരമാണെന്നു പറയുന്നതു് 100% ശരിയല്ല. നാം വെച്ചുപിടിപ്പിക്കുന്ന സസ്യങ്ങളുടെ ജീവദൈർഘ്യവും അതുകഴിഞ്ഞാൽ അവയ്ക്കു സംഭവിക്കുന്ന അനന്തരപരിണതികളും അനുസരിച്ചേ CO2 വമനത്തിനെതിരെ അവ മൂലമുള്ള പ്രതിരോധം എത്രയെന്നു കണക്കാക്കാൻ പറ്റൂ.

നമ്മുടെ നാട്ടിൽ മഴ പെയ്തു കഴിഞ്ഞാൽ, എല്ലായിടത്തും പച്ചപ്പണിഞ്ഞുകൊണ്ടു് ധാരാളം പുൽച്ചെടികളും ഓഷധികളും വള്ളികളും മുളച്ചുപൊങ്ങാറുണ്ടല്ലോ. ഇവയോരോന്നും അന്തരീക്ഷത്തിൽനിന്നു് CO2 ആഗിരണം ചെയ്യും. കൂടാതെ, മണ്ണിൽനിന്നു് വെള്ളവും ആകാശത്തുനിന്നു് സൂര്യപ്രകാശവും. വളരെക്കുറച്ചുമാത്രം അളവിൽ, ചെടിയ്ക്കു വളരാനാവശ്യമായ മറ്റു മൂലകങ്ങൾ (നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം...) ലവണരൂപത്തിൽ മണ്ണിൽ നിന്നുതന്നെ വലിച്ചെടുക്കും.
ഇങ്ങനെ വിവിധവസ്തുക്കൾ സ്വീകരിച്ചുകൊണ്ടു് അവയെ പ്രകാശസംശ്ലേഷണം വഴി രാസപരമായി കൂട്ടിയോജിപ്പിച്ചു് ഒടുവിൽ ആയിത്തീരുന്ന വസ്തുവാണു് ചെടി. അതിന്റെ കാണ്ഡവും ശിഖരങ്ങളും ഇലകളും വേരും പൂവും കായ്കളും എല്ലാം ഈ വസ്തുവിന്റെ തന്നെ വിവിധരൂപങ്ങൾ മാത്രമാണു്. ഇതിനെയെല്ലാം കൂടി നമുക്കു് ജൈവപിണ്ഡം അഥവാ ബയോമാസ്സ് എന്നു വിളിക്കാം.
ബയോമാസ്സിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം കാർബോഹൈഡ്രേറ്റുകളാണു്. അതായതു് കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൂട്ടുചേർന്ന വിവിധ സംയുക്തങ്ങൾ. ഇവ മൂന്നിനും പുറമേ, നേരത്തെ പറഞ്ഞ മൂലകങ്ങളും ഉണ്ടെങ്കിലും അവയുടെ അംശം തീരെ നിസ്സാരമാണു്.

പുതുമഴ പെയ്തു് ഏതാനും ദിവസങ്ങൾക്കുള്ളിൽ മുളച്ചുപൊങ്ങി പടർന്നു വളർന്നു് അടുത്ത വേനലിൽ ഉണങ്ങിപ്പോകുന്ന ചെടികൾ അത്രയും സമയം കൊണ്ടു ചെയ്തതു് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് അവയെക്കൊണ്ടാവുന്ന വിധത്തിൽ വലിച്ചെടുത്തു് അതിനെ ജലവുമായി കൂട്ടിയിണക്കി കാർബോഹൈഡ്രേറ്റ് രൂപത്തിൽ അഥവാ ബയോമാസ്സ് ആയി ഭൂമിയിൽ നിക്ഷേപിക്കുകയാണു്. ഇങ്ങനെ ചെയ്യുന്നതിനെ കാർബൺ നിക്ഷേപം അല്ലെങ്കിൽ carbon deposit എന്നു പറയാം.

എത്ര കാലം ഒരളവ്  ബയോമാസ്സ്  വീണ്ടും CO2 ആയി വിഘടിക്കാതെ ഭൂമിയിൽ തന്നെ അവശേഷിക്കുന്നുവോ അത്രയും കാലത്തേക്കു്, അത്രയും  കാർബൺ ഡെപ്പോസിറ്റ് നമ്മുടെ കാലാവസ്ഥാ പ്രശ്നത്തിൽ നിന്നു് ഒഴിഞ്ഞുനിൽക്കുന്നു എന്നു കരുതാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ,  അന്തരീക്ഷത്തിൽ നിന്നും അത്രയും CO2 അക്കാലത്തേക്കു് അപ്രത്യക്ഷമായി.

എന്നെങ്കിലും ഒരിക്കൽ ജീവിച്ചിരുന്നതിന്റെ അവശിഷ്ടമോ ഉല്പന്നമോ ആയി  ഭൂമിയിൽ ഇപ്പോൾ നിലനിൽക്കുന്ന  ഏതു വസ്തുക്കളും പദാർത്ഥങ്ങളും ബയോമാസ്സ് ആണു്.

മനുഷ്യനുൾപ്പെടെയുള്ള മൃഗങ്ങൾക്കു് ജീവനത്തിനുതകുന്ന ഊർജ്ജം ലഭിക്കണമെങ്കിൽ അതു് ബയോമാസ്സ് വഴി മാത്രമേ ലഭിക്കൂ. (അതും ചിലതരം ബയോമാസ്സുകളിൽനിന്നു മാത്രം). ഉദാഹരണം പഞ്ചസാരയെ ഒരു ഊർജ്ജദായകഭക്ഷണമായി കണക്കാക്കാം. പഞ്ചസാര ലഭ്യമാവാൻ കാരണം എവിടെയോ കരിമ്പ് എന്ന ഒരു ചെടി ജീവിച്ചിരുന്നതുകൊണ്ടാണു്.
ഇതുപോലെ, ഒരു നൂറ്റാണ്ടോളം വീപ്പയിൽ സൂക്ഷിച്ചിരുന്ന അത്യന്തം മൂല്യമുള്ള മദ്യവും പത്തുവർഷം പഴക്കമുള്ള തേനും ഇന്നുരാവിലെ കറന്നെടുത്ത പാലും എല്ലാം ആഹാരയോഗ്യമായ ബയോമാസ്സ് തന്നെ. എന്നാൽ ഉപ്പ് വെറുമൊരു പോഷകം മാത്രമാണു്.  അവ  ഏതെങ്കിലും ജീവിയുടെ സൃഷ്ടിയല്ല. കുറേ ഉപ്പുതരികൾ ഒരു പക്ഷേ ഏതെങ്കിലും ജീവനത്തിലൂടെ കടന്നുപോയിട്ടുണ്ടാവാമെങ്കിലും അതിന്റെ ഊർജ്ജസംക്രമണചക്രത്തിൽ ആ ഉപ്പ് ഗണ്യമായ ഒരു പങ്കും വഹിച്ചിട്ടില്ല. മണൽ പോലെയുള്ള ധാതുക്കളാണെങ്കിൽ അത്ര പോലും നമുക്കുപകാരപ്രദമല്ല.

ബയോമാസ്സ് വിവിധകാലങ്ങളിലായി  പല വിധത്തിൽ വിഘടിച്ചുപോവാം.
മിക്കപ്പോഴും അവ ഓക്സിജനുമായി നേരിട്ടു ചേർന്നു് തിരിച്ച് CO2, ജലം എന്നിവയായി മാറും. ഇതാണു് ജ്വലനം. ഏതെങ്കിലും വസ്തു കത്തുമ്പോൾ അതു് ഓക്സിജനുമായി കൂടിച്ചേരുകയാണു്. ഓക്സീകരണം എന്ന ഈ പ്രക്രിയ മൂലം ചൂട് പുറത്തുവരും. മുമ്പ് ചെടി വെയിലിൽനിന്നു വലിച്ചെടുത്ത ഊർജ്ജമാണു് ചൂടിന്റെ രൂപത്തിൽ അപ്പോൾ പുറത്തുവരുന്നതു്. നാം  കഴിക്കുന്ന ആഹാരം ദഹിക്കുമ്പോൾ സംഭവിക്കുന്നതും ജ്വലനം തന്നെ. ശരീരകോശങ്ങൾക്കുള്ളിൽ വെച്ചാണു് ഇതു സംഭവിക്കുന്നതെന്നു മാത്രം.

ആഹാരത്തിനുവേണ്ടി ഉപയോഗിക്കുന്ന ബയോമാസ്സ് പദാർത്ഥങ്ങളൊക്കെ, ആ ആഹാരം ദഹിച്ചുകഴിയുന്നതോടെ CO2 ആയി മാറി അന്തരീക്ഷത്തിലേക്കു തന്നെ മടങ്ങും. (ഇങ്ങനെ നടക്കുന്നതിനിടയിൽ ആഹാരിയായ മൃഗത്തിന്റെ-നമ്മുടെ- ജീവിതചര്യയും നടന്നുപോവും എന്നു മാത്രം).

എന്നാൽ, മരത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നാം ആഹാരത്തിനുവേണ്ടി ഉപയോഗിക്കുന്നതു്. അതിൽ തന്നെ ഒരു ഭാഗം പല ഘട്ടങ്ങളിലുമായി ഉപയോഗിക്കാനാവാതെ പോകുന്നുമുണ്ടു്.ബയോമാസ്സ് ചിലപ്പോൾ ബാൿടീരിയാജീർണ്ണനത്തിലൂടെ മിഥെയ്ൻ വാതകമായി മാറാം. വർഷക്കാലത്തു് ചെടികളുടേയും മൃഗങ്ങളുടേയും അവശിഷ്ടങ്ങൾ വെള്ളത്തിൽ കിടന്നു ചീയുമ്പോൾ  സംഭവിക്കുന്നതു് ഇത്തരം മീഥെയ്ൻ പരിവർത്തനമാണു്. (മീഥെയ്ൻ അങ്ങനെത്തന്നെ കൂടുതൽ തീവ്രതയുള്ള ഒരു ഹരിതവാതകമാണു്. എന്നാൽ, വേണ്ടത്ര ജ്വലനതാപം ലഭിച്ചാൽ മീഥെയ്നും കത്തും. അതു് CO2വും ജലവുമായി മാറി വായുവിലേക്കു തിരിച്ചെത്തും.
CO2, മീഥെയ്ൻ എന്നിവ അന്തരീക്ഷത്തിലേക്കു തിരിച്ചുചെന്നാൽ അവയുടെ ബയോമാസ്സ്  പരിണാമചക്രം പൂർത്തിയായി.

അസ്ഥി, പുറന്തോടുകൾ തുടങ്ങിയ മൃഗാവശിഷ്ടങ്ങൾ (കാൽസ്യം കാർബണേറ്റ് ) കടലിലോ കരയിലോ അടിഞ്ഞുകിടക്കുകയുമാവാം. ആകെയുള്ള കാർബൺ ഡെപ്പോസിറ്റിൽ കാൽസ്യം കാർബണേറ്റ് വഹിക്കുന്ന പങ്കു് അതിഭീമമാണു്. ഭൂമിയുടെ പുറന്തോടിൽ നല്ലൊരു ശതമാനം ഇത്തരം അവശിഷ്ടങ്ങളായ ചുണ്ണാമ്പുകല്ലുകളും പവിഴപ്പുറ്റു ദ്വീപുകളുമാണു്.

അനേകലക്ഷം വർഷങ്ങൾ ഭൂമിയിൽ അടിഞ്ഞുകിടന്നു് അവയ്ക്കുമേൽ കൂടുതൽ മണ്ണോ മറ്റുപദാർത്ഥങ്ങളോ വന്നടിഞ്ഞു് ഉന്നതമർദ്ധത്തിൽ അവയിലെ ഓക്സിജൻ  വിഘടിച്ചുപോകുമ്പോഴാണു് കാർബോഹൈഡ്രേറ്റുകൾ ഹൈഡ്രോകാർബണുകളായി മാറുന്നതു്. ഹൈഡ്രജനും കാർബണും മാത്രം അടങ്ങിയിട്ടുള്ള സങ്കീർണ്ണമായ രാസസംയുക്തങ്ങളുടെ ഒരു മിശ്രിതമാണു് ഇത്തരം പദാർത്ഥങ്ങൾ. ഇവയാണു് ക്രൂഡ് ഓയിൽ എന്നു നാം വിളിക്കുന്ന പെട്രോളിയം എണ്ണ. ഇതുപോലെ, ഓക്സിജനും ഹൈഡ്രജനും വിട്ടുപോയി, വെറും കാർബൺ മാത്രമായ രൂപവും ഉണ്ടാവാം.  അതാണു് കൽക്കരി. ഇവയെ രണ്ടിനേയും ചേർത്തു്  ഫോസിൽ ഇന്ധങ്ങൾ  എന്നു വിളിക്കുന്നു.


ഭൂമിയിൽ ഇതുവരെ അവശേഷിക്കുന്ന ക്രൂഡ് ഓയിലും കൽക്കരിയും അവയെ നാം എടുത്തു കത്തിക്കുന്നതുവരെ, മികച്ച കാർബൺ ഡെപ്പോസിറ്റുകളാണു്. എത്രയോ ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഇവിടെ ജീവിച്ചുമരിച്ച സസ്യങ്ങളും വൃക്ഷങ്ങളും അന്തരീക്ഷത്തിൽനിന്നു വലിച്ചെടുത്തു്  സംഭരിച്ചുവെച്ചിരുന്ന CO2 ആണു് അവയ്ക്കുള്ളിൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നമായ ഗ്രീൻ ഹൗസ് പ്രഭാവത്തിൽ ഇടപെടാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നതു്.
എന്നാൽ, നാം ആ ഇന്ധനം എടുത്തു്  ഉപയോഗിക്കാൻ തുടങ്ങുന്ന മാത്രയിൽ, കുപ്പിയിലാക്കപ്പെട്ട ഒരു ഭൂതത്തിനെ നാം തുറന്നുവിടുകയാണു്.
സസ്യജന്യവസ്തുക്കളെക്കൊണ്ടു് വേറെയും ഉപയോഗമുണ്ടു്. കടലാസുമുതൽ മേശ, കസേര, പാർപ്പിടസാമഗ്രികൾ വരെ ഉല്പാദിപ്പിക്കുന്നതു് ബയോമാസ്സ് കൊണ്ടാണു്. ഇവയിൽ ചിലതു് വളരെക്കാലം അതേ രൂപത്തിൽ നിലനിൽക്കും. ഉദാഹരണത്തിനു് നാഷണൽ ആർക്കൈവ്സിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഒരു പുസ്തകം ഇനിയും ഒന്നോ രണ്ടോ നൂറ്റാണ്ടെങ്കിലും അതേ രൂപത്തിൽ സൂക്ഷിക്കപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാം. അതുപോലെ, അപ്പൂപ്പന്റെ കാലത്തുണ്ടാക്കിയ ഒരു കട്ടിൽ ഇപ്പോഴും ഉപയോഗക്ഷമമാണെങ്കിൽ അത്രയും ബയോമാസ്സ് നിലനിൽക്കുന്നു എന്നുപറയാം.
 

കാർബൺ ഡെപ്പോസിറ്റിന്റെ കാര്യത്തിൽ  ഒന്നോ രണ്ടോ വർഷം ആയുസ്സുള്ള ചെടികളേക്കാൾ വളരെ മികച്ച ഉപകാരമാണു് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും ആയുസ്സുള്ള വൻമരങ്ങൾ ചെയ്യുന്നതു്. ഒന്നാമതു്, അവ ജീവിച്ചിരിക്കുന്നിടത്തോളം കാലം അത്രയും ഭാരം CO2 (+ വെള്ളം)അന്തരീക്ഷത്തിൽനിന്നും അവുധിയെടുത്തു് വിശ്രമിക്കുകയാണു്.  ഇനി അവയുടെ തടി തുടങ്ങിയവ നാം പിന്നെയും കുറേക്കാലത്തേക്കു് ഉപയോഗിക്കുകയാണെങ്കിൽ ആ സമയം കൂടി ഈ അവുധിക്കാലത്തിൽ ചേർക്കാം.

കാട്ടുതീയിൽപ്പെട്ട വനം, വീട്ടിൽ ഉപയോഗിക്കുന്ന വിറകു്, റോട്ടുവക്കിലെ കരിയില  ഇവയെല്ലാം കത്തിച്ചുകളയുമ്പോൾ നാം അവയിലടങ്ങിയ CO2വിനെ അന്തരീക്ഷത്തിലേക്കു് പുറന്തള്ളുകയാണു്. മരം വെച്ചുപിടിപ്പിക്കുന്നതിനു് നേരേ വിപരീതമായ പ്രവൃത്തികളാണു് ഇവ.

ഇങ്ങനെ ആഹാരമോ വീട്ടുപകരണമോ കാൽസ്യം കാർബണേറ്റോ  ഒന്നും ആവാതെ, മണ്ണിൽ കലർന്നു് മണ്ണിന്റെ ഭാഗമായിത്തന്നെ അവശേഷിക്കുന്ന ബയോമാസ്സ് ഘടകവുമുണ്ടാകാം.  അവയാണു് മണലും മറ്റു ശുഷ്കധാതുക്കളും മാത്രമുള്ള നമ്മുടെ ഭൂതലത്തിൽ മണ്ണു് ആയി മാറുന്നതു്. മണ്ണിൽനിന്നു് ചെടികൾക്കു് കാർബണോ കാർബോഹൈഡ്രേറ്റോ ആവശ്യമില്ലെങ്കിലും ഇത്തരം ജൈവപിണ്ഡാവശിഷ്ടങ്ങൾ മണ്ണിനെ ഒരു സ്പോഞ്ചുപോലെയാക്കിമാറ്റുന്നു. കൂടുതൽ ജലം സംഭരിച്ചുവെക്കാനുള്ള മണ്ണിന്റെ കഴിവിനു് ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങൾ വൻതോതിൽ സഹായിക്കും.

ചുരുക്കത്തിൽ,
കാർബൺ ഡയോക്സൈഡ് എമിഷന്റെ പരിഹാരമായി നാം മരം നട്ടുവളർത്തിയാൽ മാത്രം പോരാ.   ആ മരങ്ങൾ പരമാവധി കാലം ജീവിച്ചിരിക്കുന്നുണ്ടെന്നും അവയിൽ നിന്നുമുള്ള ഉല്പന്നങ്ങൾ നമുക്കു യാതൊരു പ്രയോജനവുമില്ലാത്ത വിധത്തിൽ കത്തിച്ചുകളയപ്പെടുന്നില്ലെന്നും ഉറപ്പാക്കണം.


എന്നാൽ ഇതിനർത്ഥം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതുകൊണ്ടു് ഒരു കാര്യവുമില്ലെന്നാണോ?
അല്ലേയല്ല!
പുതുമഴയത്തു് തലപൊക്കുന്ന ഓരോ പുൽക്കൊടിത്തുമ്പും മതിലിന്മേൽ പറ്റിപ്പിടിച്ചുനിൽക്കുന്ന ഒരു പായൽത്തുണ്ടുപോലും  വർത്തമാനകാലപ്രകൃതിയെ ബാധിച്ച CO2 വമനം എന്ന മഹാമാരിയ്ക്കെതിരെയുള്ള ഒരു ചെറുചികിത്സയാണു്. നമ്മെക്കൊണ്ടു് എത്ര മാത്രം പച്ചപ്പു് ഈ ഭൂമിയെ പുതപ്പിക്കാൻ കഴിയുമോ അത്രയും നല്ലതു്. മനുഷ്യനും അവനോടൊപ്പം ഈ ഭൂമിയിൽ നിലനിൽക്കുന്ന പ്രകൃതിയുടെ മക്കളായ മറ്റു സഹജീവികൾക്കും  ഇനിയുമേറെക്കാലം അവരുടെ സുഖവാസം തുടരണമെങ്കിൽ അതിനുവേണ്ടി നമുക്കു് അടിയന്തിരമായി ചെയ്യാവുന്ന, ഏറ്റവും എളുപ്പവും സംശയരഹിതവുമായ വഴികളിൽ ആദ്യത്തേതാണു് സസ്യപോഷണം.

2 comments:

  1. So we should make sure, instead of simple gardening, we plant tress with maximum life, and after life usage right? Like we should promote the teak wood plantation, instead of planting some useless trees in the name of afforestation.

    ReplyDelete
    Replies
    1. Not exactly so.
      As I mentioned, trees DO indeed have many more essential functions that ensure the well being of nature and human race. There is no question of our survival without plenty of trees and plants. We need it for almost everything we consider as part of our living properly.
      The point is to realize each facts with their own gravity and importance instead of blindly accepting conventional wisdom of which many may be overly exaggerated.
      As always, what we need is a well balanced mixture of everything.

      Delete