ചോദ്യം:
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ സഹദേവന്‍ എഴുതിയ ലേഖനപ്രകാരം കേരളത്തിലെ പ്രസരണനഷ്ടം 20.4ശതമാനമാണ്. തമിഴ്നാട്ടിലേത് 9ശതമാനവും. 20.4ല്‍ നിന്നും 9ശതമാനമായി പ്രസരണനഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ 700മെഗാവാട്ട് വൈദ്യുതി ലാഭിക്കാമത്രേ! (കണക്കില്‍ പിശകുണ്ടെന്നാണ് എനിക്കു തോന്നുന്നത്.) എന്തായാലും അത്രയും കുറച്ചാല്‍ 200മെഗാവാട്ട് എങ്കിലും ലാഭിക്കാവുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. 200മെഗാവാട്ട് അതിരപ്പിള്ളി പദ്ധതിയില്‍നിന്നും കിട്ടില്ല. ഇനിയും 10ശതമാനത്തോളം പ്രസരണനഷ്ടം കുറയ്ക്കുന്നത് എത്രത്തോളം പ്രായോഗികമാണ്? അതിന് എത്രത്തോളം ചിലവുവരും?
ഉത്തരം:
ഓരോരുത്തരും അവരുടെ വാദം തെളിയിക്കാൻ അവർക്കാവശ്യമുള്ള കണക്കുകളാണു് എടുക്കുന്നതു്. അതിലേതാണു ശരിയെന്നു വ്യക്തമായി പറയാൻ എളുപ്പമല്ല.
കുറേ കൊല്ലം മുമ്പു വരെ കേരളത്തിന്റെ പ്രസരണനഷ്ടം ഭീമമായിരുന്നു. എന്നാൽ, വൈദ്യുതശൃംഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ചെലുത്തി കുറേയൊക്കെ അതിപ്പോൾ പരിഹരിച്ചിട്ടുണ്ടു്.
പ്രസരണനഷ്ടം എങ്ങനെയൊക്കെയാണുണ്ടാവുന്നതു്? അതിൽ ഒഴിച്ചുനിർത്താൻ പറ്റുന്നവ ഏതൊക്കെ?
1. പഴയ ഉപകരണങ്ങൾ, മോശപ്പെട്ട തൊഴിൽ ശീലങ്ങൾ
2. ലീക്കേജ്
3. വോൾട്ടേജ് ബൂസ്റ്റിങ്ങ്
4. ഗ്രിഡ് ലൈൻ ഓവർലോഡിങ്ങ്
ഉപകരണങ്ങൾ
ഇതിൽ ആദ്യത്തേതു ശരിയാക്കാൻ നാം ഗുണമേന്മയുള്ള ഉപകരണങ്ങളും തൊഴിൽ സംസ്കാരവും ഏർപ്പെടുത്തണം. പഴയ ഉപകരണങ്ങൾ തക്ക സമയത്തു് മാറ്റി സ്ഥാപിക്കണം. പുതിയവ വാങ്ങുമ്പോൾ മുടക്കുമുതൽ ലാഭിക്കാൻ വേണ്ടി ഗുണനിയന്ത്രണത്തിൽ അവഗണന പാടില്ല.
നിക്ഷേപച്ചെലവു കുറവു മതിയെന്നതിനാൽ, മുൻകാലങ്ങളിൽ അടിയന്തിരമായ പ്രശ്നങ്ങൾക്കു് പരിഹാരമായാണു് നാം വൈദ്യുതി ഉല്പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും വേണ്ട ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നതു്. ജനറേറ്ററുകൾ, ട്രാൻസ്‌ഫോർമറുകൾ, ടവറുകൾ, വൈദ്യുതി പ്രവഹിക്കുവാനുള്ള കമ്പികൾ, കേബിളുകൾ, സർക്യൂട്ട് ബ്രേക്കറുകൾ, പാനലുകളും ബസ് ബാറുകളും, പ്രൊട്ടൿഷനും കണ്ട്രോളിനും വേണ്ട റിലേകൾ, ഇവയുടെ കണ്ട്രോൾ സിസ്റ്റം ഉപകരണങ്ങൾ, സിവിൽ മരാമത്തുകൾ ഇവയെല്ലാം ഇത്തരം ഉപകരണങ്ങളിൽ പെടും.
ഇത്തരം ഉപകരണങ്ങൾക്കു് സ്പെസിഫികേഷനുകൾ ഉണ്ടു്. അവയിലൂടെ എത്ര കറന്റ് പായിക്കാമെന്നും അവ എത്ര വോൾട്ടേജ് താങ്ങുമെന്നും എത്ര സമയം തുടർച്ചയായി പ്രവർത്തിക്കാമെന്നും എന്തെങ്കിലും തകരാറുകളോ അപകടങ്ങളോ ഉണ്ടായാൽ അവയ്ക്കെതിരേ എത്ര സമയം കൊണ്ടു് അവയുടെ പ്രതികരണങ്ങൾ സംഭവിക്കുമെന്നും മറ്റും കൃത്യമായി കണക്കാക്കി ഉറപ്പിച്ചിട്ടുള്ളതാണു് ഈ സ്പെസിഫിക്കേഷനുകൾ.
സ്പെസിഫിക്കേഷനുകളുടെ നിലവാരം കൂടും തോറും ഉപകരണത്തിന്റെ വിലയും കൂടും. കൂടുതൽ ഗുണമേന്മയുള്ള പദാർത്ഥങ്ങൾ, അവ കൂടുതൽ അളവിലും തൂക്കത്തിലും ഉപയോഗിക്കേണ്ടി വരിക, കൂടുതൽ മെച്ചപ്പെട്ട ഉപഘടകങ്ങൾ രൂപകല്പന ചെയ്യേണ്ടി വരിക, കൂടുതൽ ചെലവുള്ള പരിപാലനം, കൂടുതൽ മനുഷ്യവിഭവങ്ങൾ ഇവയൊക്കെയാണു് വിലയും മുടക്കുമുതലും നിശ്ചയിക്കുന്നതു്.
മുൻകാലങ്ങളിൽ പൊതുവേ പണത്തിനു് ഇതിലുമെത്രയോ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്ന സമ്പദ്വ്യവസ്ഥയായിരുന്നു നമ്മുടേതു്. എല്ലാ തുറയിലുമെന്നതുപോലെ, അടിയന്തിരപ്രതിസന്ധികൾ വരുമ്പോൾ 'എങ്ങനെയെങ്കിലും പെട്ടെന്നു് കാര്യങ്ങൾ നടക്കണം' എന്ന ഒരൊറ്റ നയം മാത്രം സ്വീകരിക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ ഭരണകൂടം. അതിനാൽ, തൽക്കാലം അത്യാവശ്യമുള്ള സംവിധാനം മാത്രം നിർമ്മിച്ചുപൂർത്തിയാക്കുക എന്ന ഹ്രസ്വകാലപരിഹാരമാർഗ്ഗങ്ങളിലേക്കു് നാം ചെന്നെത്തി.
ഇതിന്റെ ഫലമായി, കുറഞ്ഞ വിലയുള്ള ഉപകരണങ്ങളും വേണ്ടത്ര വികസനകരുതൽ ശേഷി ഇല്ലാത്ത സ്പെസിഫിക്കേഷനുകളും നാം തെരഞ്ഞെടുത്തു.
പിൽക്കാലത്തു്,പ്രതീക്ഷയിൽക്കവിഞ്ഞ വളർച്ച നമ്മുടെ ഉപഭോഗശീലത്തിൽ ഉണ്ടായപ്പോൾ ഈ ഉപകരണസംവിധാനം അതിനു താങ്ങാവുന്ന സ്പെസിഫിക്കേഷനുകളെ അതിലംഘിച്ചു. അതു മൂലം, കൂടുതൽ തേയ്മാനം, അപകടങ്ങൾ, തകരാറുകൾ എന്നീ ദോഷങ്ങൾക്കൊപ്പം പ്രസരണനഷ്ടവും അസാധാരണമായി വർദ്ധിച്ചു.
ആകെ ലഭ്യമായ ഊർജ്ജത്തിന്റെ നല്ലൊരു ഭാഗം ഇങ്ങനെ നഷ്ടപ്പെട്ടു പോവുന്നതു് നിർണ്ണായകമായ ഒരു ഘട്ടത്തിലെത്തിയപ്പോഴാണു് അതെങ്ങനെ കുറക്കാം എന്നു നാം ആലോചിച്ചുതുടങ്ങുന്നതു്. 1980-കളിൽ തുടങ്ങിവെച്ച ഈ ചിന്തകൾ ക്രമേണ നമ്മുടെ ഊർജ്ജവികസനനയത്തിന്റെ ഭാഗമായി. അതിന്റെ ഫലമായാണു് 400 കെ.വി. സൂപ്പർ സ്റ്റേഷനുകൾ, ദേശീയ ഗ്രിഡ്ഡിലേക്കുള്ള ഉദ്ഗ്രഥനം, കൂടുതൽ അന്തർസംസ്ഥാന- പ്രാദേശിക-പ്രസരണപാതകൾ എന്നിവ നാം സ്ഥാപിക്കാൻ തുടങ്ങിയതു്. എന്നാൽ, ഈയൊരു ശ്രമം ഇപ്പോഴും പൂർണ്ണതയിലെത്തിയിട്ടില്ല.
പുതുതായി ഉപകരണങ്ങൾ സ്ഥാപിക്കുമ്പോഴും ഇപ്പോൾ ഉള്ളവ കാലപ്പഴക്കം കൊണ്ടോ കപ്പാസിറ്റി അപര്യാപ്തത കൊണ്ടോ മാറ്റിവെക്കുമ്പോഴും ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുക്കുകയാണു് പ്രസരണനഷ്ടങ്ങൾ കുറയ്ക്കാൻ വേണ്ടി നമുക്കുചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ വഴി.
അതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു് തൊഴിൽ സംസ്കാരത്തിൽ വിദഗ്ദപരിശീലനം, തൊഴിലാളികളുടെ ജോലി സൗകര്യം, സംതൃപ്തി, സുരക്ഷിതത്വം, ആത്മാർത്ഥത, അർപ്പണബോധം, ദീർഘവീക്ഷണം എന്നിവ. തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മാനേജ്മെന്റിനു് തൊഴിലാളികളുടേയും കോണ്ട്രാക്ടർമാരുടേയും പരിമിതികളും അതേ സമയം കൗശലങ്ങളും മനസ്സിലാക്കി അവയ്ക്കൊത്തു് അവരെ നിയന്ത്രിക്കാനും ക്രിയാത്മകമായി സഹായിക്കാനും കഴിയണം.
ലീക്കേജ്:
മോശം ഇൻസുലേഷൻ, ഐസോലേഷൻ, മഴ, എർത്തിങ്ങ്, സസ്യങ്ങളുടെ പടർപ്പുകൾ, നിരന്തരമായ സോഫ്റ്റ് കോണ്ടാക്റ്റ് ഫോൾട്ടുകൾ ഇവ മൂലമുള്ള വൈദ്യുതിചോർച്ചയും ആദ്യം ചൂണ്ടിക്കാണിച്ച കാരണത്തിന്റെ ഉപപ്രശ്നങ്ങളാണു്.
വോൾട്ടേജ് ബൂസ്റ്റിങ്ങ്
കാൽ നൂറ്റാണ്ടുമുമ്പു് വടക്കൻ കേരളത്തിൽ സ്ഥിരം വോൾട്ടേജ് 80-120 ആയിരുന്ന സമയമുണ്ടായിരുന്നു. അവിടെ ആ വോൾട്ടേജെങ്കിലും കിട്ടണമെങ്കിൽ പൊരിങ്ങൽകുത്തിൽനിന്നും മൂലമറ്റത്തുനിന്നും (അല്ലെങ്കിൽ മാടക്കത്ര നിന്നും) 250 വോൾട്ടെങ്കിലും അയച്ചിരിക്കണം.അതിനർത്ഥം, തൃശ്ശൂർക്കാർ 230 വോൾട്ടിന്റെ ലോഡിനു് 20 വോൾട്ട് കൂടുതൽ കൊടുക്കുന്നു എന്നാവും. കൂടുതലുള്ള ഓരോ വോൾട്ടിനും അതിന്റെ വർഗ്ഗാനുപാതത്തിലാണു് ഊർജ്ജം ചെലവാകുക. അതായതു് വോൾട്ടേജ് ഇരട്ടിക്കുമ്പോൾ പവർ / എനർജി നാലിരട്ടിയാവും.
തൃശ്ശൂർക്കാർ അങ്ങനെ, ആവശ്യമില്ലാതെത്തന്നെ കൂടുതൽ ഊർജ്ജം ചെലവാക്കുമ്പോൾ (കൂട്ടത്തിൽ അവരുടെ ഗൃഹോപകരണങ്ങൾ ഓവർ വോൾട്ടേജ് മൂലം എരിച്ചു കളയുമ്പോൾ) കണ്ണൂർക്കാർ തങ്ങൾക്കു കിട്ടുന്ന 80 വോൾട്ട് ഒന്നിനും തികയാതെ ഇരിക്കുകയാവും. അവരുടെ മോട്ടോർ ഉപകരണങ്ങൾ ആവശ്യമുള്ള ടോർക്ക് ലഭിക്കാതെ, വേണ്ടത്ര പണിയെടുക്കാതെത്തന്നെ, കൂടുതൽ കറന്റും ഊർജ്ജവും എടുക്കുന്നു. (കൂടാതെ, മിക്കപ്പോഴും ഓവർ കറന്റു മൂലം വൈൻഡിങ്ങ് എരിഞ്ഞുപോകുന്നു).
തൃശ്ശൂർ നിന്നു പുറപ്പെട്ട 250 വോൾട്ട് കണ്ണൂരെത്തിയപ്പോൾ 80 അല്ലെങ്കിൽ 100 ആയതെങ്ങനെ? എവിടെയാണു് വോൾട്ടത ഇറങ്ങിപ്പോയതു്?
ശരിയായ കനവും ധാരിതയുമുള്ള ലൈനുകളില്ലാത്തതിനാൽ, അല്ലെങ്കിൽ ആവുന്നതിനേക്കാൾ കറന്റ് വഹിക്കുന്നതിനാൽ, ഉണ്ടാവുന്ന ലൈൻ ലോസ്സ് ( I2R ലോസ്സ് - കോപ്പർ ലോസ്സ്) ആണു് അതിനു മുഖ്യകാരണം. ഇതൊഴിവാക്കാനാണു് നാം ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതു്. 11KVയിൽ 1000 ആമ്പിയർ വേണ്ടിടത്തു 220 KVയിൽ 50 ആമ്പിയർ മതി. എത്ര ആമ്പിയർ കുറയുന്നോ അത്രയും ലൈൻ ലോസ്സും കുറയും.
പ്രസരണനഷ്ടം ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി വേണ്ടത്ര ഹൈ വോൾട്ടേജ് ലൈനുകളും പവർ സബ്സ്റ്റേഷനുകളും സ്ഥാപിക്കുകയാണു്.
പക്ഷേ കേരളത്തിലെ വിലപിടിച്ച, ചുരുങ്ങിയ ഭൂമിയിൽ ട്രാൻസ്മിഷൻ ലൈനുകൾ വമ്പിച്ച പ്രതിഷേധത്തിനു വഴി തെളിയ്ക്കുന്നു. ഒരു വശത്തു് ഭൂമാഫിയകളും മറുവശത്തു് പരിസ്ഥിതി വാദികളും.
ആരാണു് തെറ്റുകാർ? അവരവരുടെ വ്യൂ പോയിന്റിൽ നിന്നു് എല്ലാവരും ശരിയാണു ചെയ്യുന്നതു്.
കൂടാതെ, HT ലൈനുകളും പവർ സ്റ്റേഷനുകളും ഭാരിച്ച മുടക്കുമുതൽ വേണ്ടവയാണു്. കൂടുതൽ ഓപ്പറേറ്റിങ്ങ് ചെലവുകളും.
ഗ്രിഡ് ലൈൻ ഓവർലോഡിങ്ങ്
ഹൈ വോൾട്ടേജിലെ പ്രശ്നങ്ങളുടെ അതേ പകർപ്പാണു് വിതരണശൃംഖലയിലുമുള്ളതു്. എല്ലാ വീട്ടിലും 230 വോൾട്ട് എത്തിക്കണമെങ്കിൽ അവ ട്രാൻസ്ഫോർമറിൽ നിന്നു് ഒരേ ദൂരത്തിലായിരിക്കണം. അകലം കൂടും തോറും വോൾട്ടേജ് കുറഞ്ഞുവരും. അതുകൊണ്ടു് അടുത്തടുത്തു് 11KV/440V ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കേണ്ടി വരും. അവയിലേക്കെല്ലാം 11 KV ലൈനുകൾ വലിക്കേണ്ടിയും വരും.ഏതു വോൾട്ടേജായാലും, ഓരോ വീട്ടിലും ധാരാളം ഉപഭോഗം നടക്കുന്നുണ്ടെങ്കിൽ അത്രയും കറന്റ് ലൈനിലൂടെ പോകണം. അത്രയും കോപ്പർ ലോസ്സ് (I2R) ഉണ്ടാവുകയും ചെയ്യും. വിതരണതലത്തിൽ ഉണ്ടാകുന്ന നഷ്ടവും പ്രസരണനഷ്ടങ്ങളുടെ ഭാഗമാണു്.
എന്നാൽ, ഇതിലുമൊക്കെ വലിയ ഒരു തലത്തിലുണ്ടാവുന്ന നഷ്ടമാണു് ഗ്രിഡ് ലൈൻ ഓവർലോഡിങ്ങ്. ഉല്പാദിപ്പിക്കുന്ന ഇടവും ഉപഭോഗം നടക്കുന്ന ഇടവും തമ്മിലുള്ള ദൂരം വളരെ കൂടുതലാണെങ്കിൽ എന്തായാലും അത്രയുംകോപ്പർ ലോസ്സും കൂടും. മാത്രമല്ല, ഉപഭോഗം കൂടുന്നതിനനുസരിച്ച് വർഗ്ഗാനുപാതത്തിലും (ചിലപ്പോൾ അതിനും മുകളിലും) ലൈൻ ലോസ്സും കൂടുകയും ചെയ്യും.
കൊച്ചി നഗരത്തിൽ രാത്രി 8 മണിക്കു് എല്ലാവരും കറന്റ് ഉപയോഗിക്കുമ്പോൾ, ആ കറന്റിന്റെ 84 % വരുന്നതു് രാമകുണ്ഡം, നെയ്‌വേലി, കോട്ട, കോർബ, ഉത്തരാഞ്ചൽ എന്നിവിടങ്ങളിൽ നിന്നൊക്കെയാവാം. അതെല്ലാം ഒരുമിച്ചു് കേരളത്തിലേക്കെത്താൻ നമുക്കു് മൂന്നോ നാലോ പാതകളേ ഉള്ളൂ. അവയിലൂടെയൊക്കെ ആ സമയത്തു് ഭാരിച്ച കറന്റായിരിക്കും ഒഴുകുന്നതു്. അതിന്റെ ഗണ്യമായ ഒരു ഭാഗം പ്രസരണനഷ്ടമായി മാറും.
ഈ നഷ്ടം ഒഴിവാക്കാൻ ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ. കറന്റ് ഇറക്കുമതി ചെയ്യാതിരിക്കുക. ചുരുങ്ങിയ പക്ഷം അമിതമായി ഇറക്കുമതി ചെയ്യാതിരിക്കുക. പകരം നമ്മുടെ ലോഡ് സെന്ററുകൾക്കടുത്തുതന്നെ പരമാവധി കറന്റ് ഉല്പാദിപ്പിക്കാനാവുമെന്നു് ഉറപ്പുവരുത്തുക.മുകളിൽ പറഞ്ഞവയിൽ യഥാർത്ഥ പ്രസരണനഷ്ടം ഏതൊക്കെയെന്നു് എനർജി ഓഡിറ്റ് നടത്തുന്ന ഓരോരുത്തർക്കും അവരവരുടെ ആവശ്യം പോലെ തീരുമാനിക്കാം. ഇങ്കം ടാക്സ് കൊടുക്കാൻ നേരത്തു് വിദഗ്ദ്ധരായ ടാക്സ് കൺസൾട്ടന്റുകളും കമ്പനി സെക്രട്ടറികളും ചെയ്യുന്നതുപോലെ, പരിസ്ഥിതിപ്രത്യാഘാത (EIA) റിപ്പോർട്ടുകൾ എഴുതാൻ നേരത്തു് അതാതു് തല്പരകക്ഷികൾ ചെയ്യുന്നതുപോലെ, സ്യൂഡോ-സയന്റിസ്റ്റുകളും ജ്യോത്സ്യൻമാരും ചെയ്യുന്നതുപോലെ, വേണമെങ്കിൽ അതിനെ 20% എന്നു വിളിക്കാം. അല്ലെങ്കിൽ 10% എന്നോ അഞ്ചു ശതമാനമെന്നോ വിളിക്കാം.
അത്ര കണ്ടു് വളയുകയോ തിരിയുകയോ ചെയ്യുന്ന ഒരു ശതമാനക്കണക്കാണു് അതു്.
ഈ ബ്ലോഗിലെ ചോദ്യങ്ങള്‍ തന്നെ തികച്ചും തെറ്റായ ഡാറ്റ അടിസ്ഥാനമാക്കിയാണ്. ഏറ്റവും ഒടുവില്‍ ലഭ്യമായ ഡാറ്റ പ്രകാരം കേരളത്തിലെ ലോസ് തമിഴ് നാട്ടിലേതിന്റെ പകുതി മാത്രമാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് AT&C ലോസ്സ് ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ReplyDeletehttp://164.100.47.132/Annexture_New/lsq16/4/au2634.htm
ഇനി നിങ്ങള്‍ അടിസ്ഥാനമാക്കിയ വേറെ ഡാറ്റ വല്ലതും ഉണ്ടെങ്കില്‍ അത് പറ...
ദൌർഭാഗ്യ വശാൽ ഈ കണക്കുകൾ പലതും സൌകര്യത്തിനു വേണ്ടി നീട്ടിയൊ കുറുക്കിയോ ഒക്കെ ആണു പലരും അവതരിപ്പിക്കുന്നത് . AT &C ലോസസ് ഒന്നിച്ച് കണക്കാകൂനതിനെക്കാൾ നല്ലത് ടെക്നിക്കൽ ലോസ് മാത്രമായി കണക്കാക്കുന്നതാണ് . കേരളത്തിലെ ഊർജ നഷ്ടം എത്ര കുറഞ്ഞാലും ഇപ്പോഴത്തെ സ്ഥിതിയിൽ 15% എങ്കിലും വരാനാണ് സാദ്ധ്യത.
Deleteതാങ്കളുടെ വെബ്സൈറ്റ് URL ( ബ്ലോഗിൽ കൊടുത്തിരിക്കുന്നതിൽ) തെറ്റുണ്ട് . ശ്രദ്ധിക്കുമല്ലോ
ദൗർഭാഗ്യവശാൽ, ജനം മാതൃഭൂമിയിലും മനോരമയിലും അച്ചടിച്ചുവന്നതേ, അപ്പാടെ കണ്ണടച്ചുവിശ്വസിക്കൂ.
ReplyDelete:(